SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.26 PM IST

വേദന സഹിക്കേണ്ട,​ സുന്ദരന് ചികിത്സ തുടരാം

Increase Font Size Decrease Font Size Print Page
news

മലപ്പുറം: 'മാസങ്ങളായി ആശുപത്രിയിൽ പോയിട്ട്. പൈസ ഇല്ലാത്തതിനാൽ വേദന സഹിക്കും. ഇനി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കണം'.​ ഇതു പറയുമ്പോൾ നിലമ്പൂർ ഉൾവനത്തിലെ വെറ്റിലക്കൊല്ലി ആദിവാസി ഊരിലെ സുന്ദരന്റെ (30) മുഖത്ത് സന്തോഷവും ആശ്ചര്യവും. ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റ സുന്ദരന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കേരളകൗമുദിയിലൂടെ അറിഞ്ഞപ്പോ രാജ് ആൻഡ് കമ്പനി എം.ഡി എ.പോൾ രാജിന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഒരുലക്ഷം രൂപ സുന്ദരന് കൈമാറി. കമ്പനി പി.ആർ.ഒ എം.സിന്ദുകുമാർ നിലമ്പൂരിലെ ഊരിലെത്തിയാണ് തുക നൽകിയത്. ഇത്രയും വലിയ തുക ചികിത്സയ്ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല,​ വലിയ സന്തോഷമെന്ന് സുന്ദരനും ഭാര്യ സുമയും പറഞ്ഞു.

ഒന്നര വർഷം മുമ്പാണ് സുന്ദരന് അപകടം പറ്റിയത്. മാസത്തിലൊരിക്കൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തി തുടർചികിത്സ നടത്തണം. നട്ടെല്ലിന് പരിക്കേറ്റതോടെ ജോലിക്ക് പോകാനാകില്ല. ഉൾവനത്തിലെ ദുർഘടമായ മൺപാതയിലൂടെ മൂന്നുകിലോമീറ്റർ സഞ്ചരിച്ചുവേണം ഊരിലെത്താൻ. വന്യജീവികളുടെ വിഹാരകേന്ദ്രമായതിനാൽ ഒരു ജീപ്പുകാരൻ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. കാടിന് പുറത്തെത്താൻ 1,​600 രൂപ വേണം. ഇതുകാരണം ചികിത്സ മുടങ്ങിയിട്ടുണ്ട്. അധികൃതരിൽ നിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടുമില്ല. വിശപ്പ് സഹിക്കാൻ വയ്യാതെയാണ് സുന്ദരൻ ചക്ക പറിക്കാൻ കയറിയതെന്ന് ഭാര്യ സുമ പറഞ്ഞു. വീട്ടിൽ ഒരുപിടി അരി പോലുമില്ലായിരുന്നു. വീഴ്ചയിൽ സുന്ദരന് ബോധം പോയി. കനത്ത മഴയിൽ ജീപ്പുകാർക്ക് ഊരിലെത്താനായില്ല. തൊട്ടടുത്തെ ദിവസമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് സുമ പറഞ്ഞു.

ചികിത്സ കൃത്യമായി തുടരുന്നതിന് ഇടിവണ്ണ വനിതാ സഹകരണ ബാങ്കിൽ സുന്ദരന്റെയും സുമയുടെയും വാർഡ് മെമ്പർ തോമസ് കുരുവിളയുടെയും പേരിൽ സംയുക്ത അക്കൗണ്ടുണ്ടാക്കി തുക നിക്ഷേപിച്ചിട്ടുണ്ട്. ധനസഹായം കൈമാറുന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി,​ നിലമ്പൂ‌ർ ലേഖകൻ ടി.എ.രാജഗോപാൽ,​ എസ്.സുരേഷ്, സി.രാജൻ ആചാരി,​ ബീന നടുവത്താണി, വനിതാ ബാങ്ക് പ്രസിഡന്റ് എം.എ.കൊച്ചുറാണി, കെ.ടി.കല്യാണി പങ്കെടുത്തു. നിലമ്പൂർ വൈൽഡ് വീൽസ് അഡ്വഞ്ചർ ക്ലബ്ബിന്റെ വാഹനങ്ങളിലാണ് സംഘം ഊരിലെത്തിയത്. ക്ലബ്ബ് സെക്രട്ടറി യാസിർ പൂക്കോട്ടുംപാടം, ജോയിന്റ് സെക്രട്ടറി സുരേഷ് കെ.കമ്മത്ത്, ട്രഷറർ കെ.ഹബീബ് റഹ്മാൻ, മെമ്പർമാരായ മുഹമ്മദ് അജ്ഷാദ്, മുഹമ്മദ് സുഹൈൽ നേതൃത്വം നൽകി.

തുണച്ചത് വേര് ശില്പശാല

ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് കേരളകൗമുദി വെറ്റിലക്കൊല്ലി ആദിവാസി നഗറിൽ സംഘടിപ്പിച്ച 'വേരുകൾ' ഏകദിന ശില്പശാലയിലൂടെ ആണ് സുന്ദരന്റെ ദുരിതജീവിതം പുറംലോകമറിഞ്ഞത്. നിലമ്പൂർ റോട്ടറി ക്ലബ്ബ്, ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് ശില്പശാലയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചത്. ഊരിലെ 28 കുടുംബങ്ങൾ അനുഭവിക്കുന്ന പട്ടിണിയും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ കേരളകൗമുദി ചൂണ്ടിക്കാട്ടിയതോടെ മന്ത്രി ഒ.ആർ. കേളു അടിയന്തര നടപടികളെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.