ഗതാഗത ക്രമീകരണങ്ങൾക്കായി ഇന്നു ചർച്ച
കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആർ.ഒ.ബി നിർമ്മാണത്തിനായി കല്ലുന്താഴം ജംഗ്ഷനിൽ കൊട്ടിയം, കാവനാട് ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചാൽ ഒന്നരമാസം വേണ്ടിവരും ഭാഗികമായെങ്കിലുമുള്ള പുന:സ്ഥാപനത്തിന്. കല്ലുന്താഴം ജംഗ്ഷൻ അടയ്ക്കുമ്പോൾ ഏർപ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10.30ന് കളക്ടർ വിളിച്ചിട്ടുള്ള യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗതാഗത നിരോധനം ഏർപ്പെടുത്തുക.
പുതിയ ആർ.ഒ.ബിയുടെ നിർമ്മാണം, കല്ലുന്താഴം ജംഗ്ഷനിലെ ഫ്ലൈ ഓവർ അപ്രോച്ച് റോഡിനെ ആ.ഒ.ബിയുമായി ബന്ധിപ്പിക്കുന്ന ആർ.ഇ വാൾ ഉയരപ്പാതയുടെ പൂർത്തീകരണം എന്നിവയ്ക്കു വേണ്ടിയാണ് ജംഗ്ഷനിൽ മേവറം, കാവനാട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിരോധിക്കുന്നത്. നിലവിലെ ആർ.ഒ.ബിക്ക് മുകളിൽ ക്രെയിനുകൾ നിറുത്തിയാകും പുതിയ ആർ.ഒ.ബിയുടെ ഗർഡുകൾ സ്ഥാപിക്കുക. അതിനായി ഇന്ന് മുതൽ 31 വരെ ഗതാഗതം നിരോധിക്കണമെന്നാണ് കരാർ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഘട്ടംഘട്ടമായി സമയപരിധി നീട്ടി ആവശ്യപ്പെടാനാണ് കമ്പനിയുടെ നീക്കം. കല്ലുന്താഴത്ത് ഗതാഗത നിരോധനം വരുന്നതോടെ കടപ്പാക്കട ചെമ്മാമുക്ക് റോഡ്, കൊല്ലം- അയത്തിൽ- കുളത്തൂപ്പുഴ സംസ്ഥാന ഹൈവേ എന്നീ പാതകളിൽ വരും ദിവസങ്ങളിൽ വലിയ തിരക്ക് അനുവപ്പെടും.
തീരദേശ റോഡിനെ ആശ്രയിക്കാനാവില്ല
ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി രാത്രി 10 മുതൽ രാവിലെ 5 വരെ കല്ലുന്താഴം ഭാഗത്തു കൂടിയുള്ള ഗതാഗതം നേരത്തേ നിയന്ത്രിച്ചിരുന്നു. ബൈപ്പാസ് റോഡ് ആരംഭിക്കുന്ന കാവനാട് ആൽത്തറമൂട്ടിലും ഇതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ തീരദേശ റോഡിനെ ആശ്രയിക്കാനാവില്ല. ഇരവിപുരം, പള്ളിനേര് മുതൽ കാക്കത്തോപ്പ്, മുണ്ടയ്ക്കൽ പാപനാശനം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതാണ് കാരണം. കാക്കത്തോപ്പ് ഭാഗത്തെ 2 പുലിമുട്ടുകൾ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയാകാത്തതാണ് നിർമ്മാണം വൈകിപ്പിക്കുന്നത്.
നിയന്ത്രണ സാദ്ധ്യതകൾ
ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ കാവനാട്- ആൽത്തറമൂട് ജംഗ്ഷനിൽ നിന്ന് കൊല്ലം സിറ്റി വഴി തിരിച്ചുവിടും
തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ മേവറം ജംഗ്ഷനിൽ നിന്ന് കൊല്ലം സിറ്റി റോഡിലേക്ക് തിരിച്ചുവിടും
ഗതാഗത മാനേജ്മെന്റ് ക്രമീകരണങ്ങൾ അനുസരിച്ച് പ്രാദേശിക ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഉചിതമായി വഴിതിരിച്ചുവിടും.
സുരക്ഷാ പരിഗണനകൾ കാരണം കാൽനടയാത്രികർക്കും അയത്തിൽ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല
അയത്തിൽ പാൽക്കുളങ്ങര ഭാഗത്തുള്ളവർ ഇടറോഡുകൾ ഉപയോഗിക്കേണ്ടി വരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |