
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ചുള്ള രണ്ടായിരം കോടിരൂപയുടെ വികസനപദ്ധതികൾക്കുള്ള ധാരണാപത്രം തിങ്കളാഴ്ച ഒപ്പിടും. കണ്ടെയ്നർ കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷൻ എന്നിവയുമായാണ് ധാരണാപത്രം ഒപ്പിടുക. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മൂന്ന് കോർപറേഷനുകളുമായി തുറമുഖ കമ്പനി ധാരണാപത്രം ഒപ്പിടും. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സംവിധാനമാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ സജ്ജമാക്കുന്നത്. കണ്ടെയ്നർ കോർപറേഷൻ ഒഫ് ഇന്ത്യ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കും കണ്ടെയ്നർ സ്റ്റേഷനും സ്ഥാപിക്കും. കേന്ദ്ര വെയർഹൗസിംഗ് കോർപറേഷൻ വെയർഹൗസ്- ലോജിസ്റ്റിക്സ് കോംപ്ലക്സും സ്ഥാപിക്കും. പൊതുമേഖലാസ്ഥാപനമായ കണ്ടെയ്‌നർ കോർപ്പറേഷൻ നൂറേക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ കോട്ടുക്കാലിൽ 25ഏക്കർ ഭൂമി തുറമുഖ കമ്പനി ഏറ്റെടുക്കും.ഏക്കറിന് 8 കോടിരൂപ വരെയാവും വില. പ്രതിമാസം ഏക്കറിന് ഒന്നരലക്ഷം രൂപയ്ക്കാണ് ഭൂമി പാട്ടത്തിന് നൽകുക. അവിടെ ലോജിസ്റ്റിസ്ക് പാർക്ക് സജ്ജമാക്കേണ്ടത് കണ്ടെയ്നർ കോർപ്പറേഷനാണ്. വരുമാനത്തിന്റെ 2ശതമാനം സംസ്ഥാന സർക്കാരുമായി പങ്കിടും. കേന്ദ്ര വെയർഹൗസിംഗ് കോർപ്പറേഷന് ലോജിസ്റ്റിക്സ് കോംപ്ലക്സിനായി അമരവിളയിൽ അമ്പതേക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ റെയിൽപ്പാതയ്ക്ക് അരികിലുള്ള ഭൂമിക്ക് ഏക്കറിന് 5കോടി വരെ വിലയാവും.ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബങ്കറിംഗ് സൗകര്യമൊരുക്കാൻ ആദ്യഘട്ടമായി 20ഏക്കർ അനുവദിച്ചു. ടാങ്ക് ഫാമുകളും മറൈൻ ഫ്യുവൽ ബങ്കറിംഗ് സംവിധാനവും സജ്ജമാക്കും. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ വിഴിഞ്ഞത്തു നിന്ന് കപ്പൽ വഴി ഇന്ധനം നിറയ്ക്കാനാവും. ബങ്കറിംഗിനു വേണ്ടി വിഴിഞ്ഞത്ത് ഓയിൽ ഫാമും ലിക്വിഡ് ജെട്ടിയും നിർമ്മിക്കും. ഓയിൽഫാം വരുന്നതോടെ ഇന്ധനം ലിക്വിഡ് ജെട്ടിയിലെത്തിച്ച് കപ്പലുകളിൽ നിറയ്ക്കാൻ കഴിയും. സർക്കാരിന് നികുതി വരുമാനവുമുണ്ടാവും.
800 ഏക്കർ
തുറമുഖാധിഷ്‌ഠിത വികസന പദ്ധതികൾക്കായി തുറമുഖ കമ്പനി കണ്ടെത്തി. ഭൂമിയേറ്റെടുക്കാൻ സർക്കാരിന്റെ അനുമതി വേണം.
710
കപ്പലുകളാണ് ആദ്യവർഷമെത്തിയത്
15.13ലക്ഷം
കണ്ടെയ്നറുകളെത്തി. പ്രതീക്ഷിച്ചത് 10ലക്ഷം.
106കോടി
നികുതിയായി സംസ്ഥാനത്തിന് ലഭിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.