
വടകര: വടകര - ആയഞ്ചേരി റോഡിൽ ചെമ്മരത്തൂരിന് സമീപം മീങ്കണ്ടിത്താഴ നിന്ന് കീഴൽ മുക്കിലേക്ക് പോകുന്ന റോഡിലെ കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ പാലം അപകടാവസ്ഥയിൽ. പാലത്തിൻ്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണ് കൊണ്ടിരിക്കുകയാണ്. വാർപ്പിനായി ഉപയോഗിച്ച ഇരുമ്പ് കമ്പികളും തൂങ്ങി നിൽക്കുന്നുമുണ്ട്. പാലം ഏതുനിമിഷവും തകർന്നു വീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഉപ്പിലാറമലയിൽ നിന്ന് മണ്ണെടുത്ത് വലിയ ടോറസ് ലോറികൾ കടന്നു പോകുന്നതിനാലാണ് പാലത്തിന് തകർച്ച ഉണ്ടായിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിനടിയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് സമീപവാസികൾ പരിശോധിച്ചപ്പോഴാണ് പാലത്തിൻറെ അടിഭാഗം അടർന്നു വീഴുന്നത് കണ്ടെത്തിയത്.
കെട്ടിടങ്ങൾക്ക് കുലുക്കം
ഒരു ദിവസം നൂറ്റമ്പതിൽ പരം തവണ ടോറസ് ലോറികൾ പാലം കടന്നുപോകുന്നുണ്ട്. വീടുകൾക്കും കെട്ടിടങ്ങൾക്കും കുലുക്കമുണ്ടാകുന്നതിലും പ്രദേശത്ത് പരിഭ്രാന്തിയുണ്ട്. ഇവിടെ നിന്ന് വടകരയിൽ എത്തുന്നതിനിടയിൽ മീങ്കണ്ടി, ചല്ലി വയൽ, കാവിൽ റോഡ്, പുതിയാപ്പ് എന്നിവിടങ്ങളിലും ഇത്തരം പാലങ്ങളുണ്ട്; ഇവയുടേയും സുരക്ഷ പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനെയും മറ്റ് അധികാരികളെയും വിഷയം അറിയിച്ചിട്ടുണ്ടെന്നും പാലങ്ങളുടെ സുരക്ഷ പരിശോധിച്ചതിനുശേഷം മാത്രമേ മണ്ണെടുപ്പ് തുടരാൻ അനുവദിക്കാവൂവെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കനാൽ പാലം ദുർബലമാണ്. സമീപ വീടുകളും മണ്ണ് ലോറി കടന്നുപോകുമ്പോഴുണ്ടാകുന്ന കുലുക്കം മൂലം ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയുന്നത്. പരിഹാരം വേണം
ശ്രീജിത്ത് എടത്തട്ട പ്രസിഡന്റ്, തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ടൺ കണക്കിന് മണ്ണ് കയറ്റിപ്പോവുന്ന ലോറികൾ ആറ് മാസത്തോളമായി ഇതുവഴി പോകുന്നു. വടകരക്കും ചെമ്മരത്തൂരിനുമിടയിലുള്ള മുഴുവൻ പാലങ്ങളുടേയും സുരക്ഷ പരിശോധിക്കണം.
പി.പി മുരളി, കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി, ബി.ജെ.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |