SignIn
Kerala Kaumudi Online
Monday, 23 February 2026 4.43 AM IST

കൂവപ്പടിയിൽ വ്യാപക കൃഷിനാശം പ്രതിസന്ധിയിലായി കർഷകർ

Increase Font Size Decrease Font Size Print Page

kvpdy
രോഗ ബാധയാൽ നശിച്ച കൂവപ്പടി പഞ്ചായത്തിലെ തെങ്ങ്. കവുങ്ങ്. ജാതി എന്നിവ.

പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്രധാന നാണ്യവിളകൾ വ്യാപകമായി നശിക്കുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, കോടനാട്, അയ്മുറി, കൂവപ്പടി, ആയത്തുപടി എന്നീ പ്രദേശങ്ങളിലെ തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കൃഷികളാണ് രോഗബാധ മൂലം നശിച്ചുകൊണ്ടിരിക്കുന്നത്.

ജലസേചന മേഖലയിലെ അപാകതകളും കൃഷിനാശത്തിന് ആക്കം കൂട്ടുന്നു. പെരിയാർ വാലി പദ്ധതി കഴിഞ്ഞാൽ പ്രദേശത്തെ കർഷകർ പ്രധാനമായും ആശ്രയിക്കുന്നത് മൈനർ ഇറിഗേഷൻ പദ്ധതികളെയാണ്. എന്നാൽ 50 മുതൽ 70 വർഷം വരെ പഴക്കമുള്ള മോട്ടോറുകൾ മാറ്റി സ്ഥാപിക്കാത്തതും പമ്പിംഗ് സമയം വെട്ടിക്കുറച്ചതും ജലസേചനത്തെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് ജലസേചന വകുപ്പിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചിരിക്കുകയാണ്. കൃഷി, ജലസേചന വകുപ്പുകളുടെ നിഷേധാത്മക നിലപാട് മൂലം ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിലാണ് പ്രദേശത്തെ കർഷകർ. അധികൃതർ അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ പരിഹാരങ്ങളും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ജാതിക്ക് കുമിൾ,​ തെങ്ങിന് കാറ്റുവീഴ്ച

ജാതിമരങ്ങളെ ബാധിച്ചിരിക്കുന്ന കുമിൾ രോഗം തടയാൻ കർഷകർ സ്വന്തം നിലയിൽ ബോർഡോ മിശ്രിതം അടക്കമുള്ള പ്രതിവിധികൾ ചെയ്യുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. രോഗബാധ ഇത്രയേറെ രൂക്ഷമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് കൃത്യമായ പഠനമോ പരിഹാരമാർഗ്ഗങ്ങളോ ഉണ്ടാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.

പ്രദേശത്തെ വലിയ തെങ്ങുകളെപ്പോലും കാറ്റുവീഴ്ച ബാധിച്ചു തുടങ്ങിയത് നാളികേര കർഷകരുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

വാഴയും നഷ്ടത്തിൽ

യുവാക്കൾ സ്വയം തൊഴിലായി ഏറ്റെടുത്തിരുന്ന നേന്ത്രവാഴ കൃഷിയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. 1990കളിൽ ആരംഭിച്ച ചില്ലി റയന്ന എന്ന കീടബാധ ഇപ്പോൾ വ്യാപകമാണ്. വളവും ഊന്നും ഉൾപ്പെടെ ഒരു വാഴയ്ക്ക് ശരാശരി 200 രൂപയിലധികം ചിലവ് വരുമ്പോൾ, വിപണിയിൽ നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞതും കർഷകർക്ക് പ്രഹരമായി. കഴിഞ്ഞ ഒമ്പത് മാസമായി കിലോയ്ക്ക് 18 മുതൽ 25 രൂപ വരെ മാത്രമാണ് കർഷകന് ലഭിക്കുന്നത്. വാഴകൃഷി തുടർച്ചയായി നഷ്ടത്തിലായിട്ടും കർഷകരെ സഹായിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. താരതമ്യേന കുറഞ്ഞ ചിലവിൽ ചെയ്തിരുന്ന കപ്പ കൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്ത് ചിന്ത് ചീഞ്ഞ് നശിക്കുന്നതും പതിവാകുകയാണ്.

കൂവപ്പടി പഞ്ചായത്തിൽ കൃഷി നാശത്തെയും വ്യാപക രോഗബാധയെ സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും പരിഹാരം കണ്ടെത്തുന്നില്ല. കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം. കർഷക രുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണം

ദേവച്ചൻ പടയാട്ടിൽ,

കർഷകൻ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.