
മാന്നാർ: ട്രെയിലറിൽ കയറ്റിക്കൊണ്ടു വന്ന ഹിറ്റാച്ചി മണ്ണുമാന്തി വാഹനം വൈദ്യുതി ലൈനിൽ തട്ടി അഗ്നിക്കിരയായി. മാന്നാർ പഞ്ചായത്തിന്റെയും വീയപുരം പഞ്ചായത്തിന്റെയും അതിർത്തിയായ മേൽപാടം എസ്.ബി.ഐക്ക് പടിഞ്ഞാറു വശത്ത് വെച്ച് ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. വീയപുരം ഭാഗത്ത് നിന്നും മാന്നാർ ഭാഗത്തേക്ക് വന്ന ഭാരത് ബെൻസ് ട്രയിലറിന്റെ മുകളിലുണ്ടായിരുന്ന ഹിറ്റാച്ചിയുടെ കാബിൻ വൈദ്യുതി ലൈനിൽ തട്ടിയതോടെയാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ വൈദ്യുതി ലൈനുകൾ ഓഫാക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. ചെങ്ങന്നൂർ, തകഴി, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. മണിക്കൂറുകളോളം വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു.
ട്രയിലറിൽ കയറ്റി വന്ന ഹിറ്റാച്ചി മണ്ണുമാന്തി വാഹനം വൈദ്യുതി ലൈനിൽ തട്ടി അഗ്നിക്കിരയായത് അറിഞ്ഞ് തൊട്ടടുത്ത വീട്ടിൽ നിന്നും ഓടിയെത്തിയ മേൽപാടം പുരയ്ക്കൽ തെക്കേതിൽ രതീഷ് (40)ന്റെ വൈദഗ്ദ്യം നാടിന് തുണയായി. സൗദിയിൽ ട്രെയിലർ മെക്കാനിക്കായി ജോലി ചെയ്യുന്ന രതീഷ് തീ കത്തുന്നത് വകവെക്കാതെ ട്രയിലറിന്റെ ഡ്രൈവർ ഭാഗം ബോഡിയിൽ നിന്നും വേഗം വേർപെടുത്തുവാനാണ് ശ്രമിച്ചത്. വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ഓമന, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബെന്നി വർഗീസ്, സോബി വർക്കി,
മുൻ മാന്നാർ ഗ്രാമപഞ്ചായത്തംഗം സുനിത എബ്രഹാം എന്നിവർ രതീഷിനെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |