
കൊല്ലം: റെയിൽവേ ലെവൽ ക്രോസുകളിൽ മഞ്ഞ സിഗ്നൽ തെളിയുമ്പോൾ ഗേറ്റ് അടഞ്ഞു തുടങ്ങുന്നതുപോലെ നമ്മുടെ നിരത്തിലെ സിഗ്നൽ ജംഗ്ഷനുകളിലും ഗേറ്റ് സംവിധാനം ഏർപ്പെടുത്തിയാലോ? ചുവപ്പ് സിഗ്നൽ തെളിഞ്ഞു കിടക്കുമ്പോൾ പോലും വാഹനങ്ങൾ കടന്നു പോകുന്നത് പതിവായതിനാൽ നരകിക്കുന്നത് കാൽനട യാത്രികരാണ്. ഇതിനൊരു പരിഹാരമെന്നോണം 'സിഗ്നലിൽ ഗേറ്റ്' എന്ന ആശയം അവതരിപ്പിച്ച് കടയ്ക്കൽ എ.ജി പബ്ലിക് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി ഋഷി കൃഷ്ണൻ (10) മലേഷ്യയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക്സ് മത്സരത്തിൽ അഞ്ചാംസ്ഥാനം സ്വന്തമാക്കി.
മഞ്ഞ തെളിയുമ്പോൾ സീബ്രാ ലൈനിനു തൊട്ടു പിന്നിലായി ഒരു ഗേറ്റ് അടയുന്നതാണ് ഋഷി കൃഷ്ണന്റെ ആശയം. വാഹനങ്ങൾ നിർബന്ധമായും നിറുത്തേണ്ട സാഹചര്യമായതിനാൽ കാൽനട യാത്രികർക്ക് അപകടമില്ലാതെ റോഡ് മുറിച്ചുകടക്കാം. ഇതാണ് റോബോട്ടിക്സ്, എ.ഐ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന റോബോചാപ്സ് സംഘടിപ്പിച്ച മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ കേരളത്തെ പ്രതിനിധീകരിച്ച ഋഷി അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ സ്കൂളിൽ നിന്ന് 25 കുട്ടികളാണ് മത്സരിച്ചത്. ഇതിൽ ഓർഗനൈസേഷൻ നൽകിയ റോബോട്ടിക്സുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ടാസ്കുകൾ കൃത്യമായി അവതരിപ്പിച്ചാണ് ഋഷി ഗ്രാൻഡ് ഫിനാലെയിലേക്കെത്തുന്നത്. 'ഓട്ടോമാറ്രിക് ട്രാഫിക് ലൈറ്റ് വിത്ത് പെഡസ്ട്രിയൻ' എന്ന വിഷയമാണ് ഋഷിക്ക് മുൻകൂട്ടി ലഭിച്ചത്. ഇതിൽ തന്റേതായ ആശയം കൂടി ചേർത്താണ് ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കേണ്ടത്. സ്കൂളിലെ റോബോട്ടിക്സ് വിഭാഗം അദ്ധ്യാപിക ആലിയയോട് ഗേറ്റ് എന്ന ആശയം പങ്കുവച്ചു. ടീച്ചറുടെ സഹായത്തോടെയാണ് മത്സരത്തിനായി തയാറെടുത്തത്.
പരീക്ഷണങ്ങൾ പതിവ്
യൂട്യൂബ് നോക്കി ടോർച്ച് ഉണ്ടാക്കുന്നതുൾപ്പെടെ പലതരം പരീക്ഷണങ്ങൾ നടത്തുന്നതും ഋഷിയുടെ പതിവാണ്. ചിത്ര രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കടയ്ക്കൽ പുത്തൻകോണം കൃഷ്ണഭവനിൽ പ്രവാസിയായ ലകൃഷ് കൃഷ്ണന്റെയും ലാബ് ടെക്നീഷ്യൻ റോഷ്നി ലകൃഷിന്റെയും ഏക മകനാണ്.
സിഗ്നൽ ഗേറ്റിന്റെ പ്രവർത്തനം
ആർഡ്വിനോ യൂനോ എന്ന മൈക്രോകൺട്രോളർ ബോർഡാണ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. എപ്പോൾ ഗേറ്റ് തുറക്കണം,അടയണം തുടങ്ങിയ നിർദ്ദേശങ്ങൾ കോഡിംഗിലൂടെ അപ്ലോഡ് ചെയ്യും. ഇത് സിഗ്നൽ സംവിധാനത്തോട് ചേർക്കും. തുടർന്ന് നിശ്ചിത ഇടവേളകളിൽ സിഗ്നലിൽ ലൈറ്റുകൾ തെളിയുകയും ലൈറ്റിനനുസരിച്ച് ഗേറ്റ് അടയുകയും തെളിയുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |