കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ പന്നിക്കും മറ്റ് വന്യമൃഗ ശല്യത്തിനും പുറമെ മയിൽ ശല്യവും രൂക്ഷമാവുന്നു. ശ്രീകണ്ഠപുരം, നിടുവാലൂർ, ചെമ്പന്തൊട്ടി, ചെമ്പേരി, പയ്യാവൂർ, മടമ്പം തുടങ്ങിയ മലയോര പ്രദേശങ്ങളിലാണ് മയിലുകൾ കർഷകർക്ക് ഭീഷണിയാകുന്നത്. നിടുവാലൂരിലെ കപ്പത്തോട്ടങ്ങളിലും, ചേന, ചേമ്പ് തുടങ്ങിയ കൃഷിയിടങ്ങിളിലും വലിയ നാശമാണ് മയിലുകൾ ഉണ്ടാക്കിയിട്ടുള്ളത്. ചക്ക, വാഴ തുടങ്ങിയ കൃഷിയിടങ്ങളിലും വ്യാപകമായി മയിൽ കൂട്ടം നാശം വിതയ്ക്കുന്നുണ്ട്. നിടുവാലൂരിലെ 50 ഏക്കറോളം വരുന്ന കപ്പത്തോട്ടങ്ങൾക്ക് വ്യാപകമായ നാശമാണ് മയിലുകൾ വരുത്തിയത്.
കപ്പയുടെ തണ്ടുകൾ കൊത്തി തിന്നുകയാണ് മയിൽ കൂട്ടം പതിവായി ചെയ്യുന്നത്. ഇത് വലിയ നഷ്ടമാണ് കർഷകർക്കുണ്ടാക്കുന്നത്. വായ്പകളെടുത്താണ് മിക്ക കർഷകരും മലയോരമേഖലയിൽ കൃഷി ചെയ്യുന്നത്. മയിലുകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് എത്തുന്നതിനെതിരെ വനം വകുപ്പിൽ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്. അതേസമയം വനം വകുപ്പിന്റെ നടപടി ഭയന്ന് കർഷകർ മയിലുകളെ ഉപദ്രവിക്കാതെ വിടുകയും ചെയ്യുന്നു.
മലയോര മേഖലയിലെ സ്വകാര്യവ്യക്തികളുടെ കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകളുടെ വാസം. ഇവിടെ മുട്ടവിരിഞ്ഞുപെരുകുന്ന മയിലുകളാണ് കർഷകർക്ക് ദുരിതമായി മാറുന്നത്. പെരുകുന്ന മയിലുകളെ നിയന്ത്രിക്കാൻ വനംവകുപ്പ് അടിയന്തര നടപടി എടുത്തില്ലെങ്കിൽ വീട്ടമ്മമാർക്ക് വീട്ടുമുറ്റത്ത് പോലും കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയാണുണ്ടാവുക.
രാവും പകലും കാവൽ നിൽക്കേണ്ട അവസ്ഥ
പകൽ സമയങ്ങളിലാണ് മയിലുകൾ കൂട്ടത്തോടെ എത്തുന്നത്. മുള്ളൻപന്നി പോലുള്ളവ രാത്രിയിലും. ഫലത്തിൽ രാവും പകലും കർഷകർക്ക് കൃഷിയിടങ്ങളിൽ കാവൽ നിൽക്കേണ്ട അവസ്ഥയാണ്. പന്നികളെ ഒരു പരിധിവരെ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ കഴിയുമെങ്കിലും മയിലുകൾ പറന്നു വരുന്നതിനാൽ പലപ്പോഴും തടയാൻ കഴിയാറില്ല. ഈ മാസം അവസാനത്തോടെ 50 ഏക്കറോളം വരുന്ന വിളവെടുക്കാൻ പാകമായ കപ്പയുടെയും ചേനയുടെയും തണ്ടുകൾ മയിലുകൾ കൊത്തി തിന്നതുമൂലം ഭീമമായ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പറയുന്നു. വിളകൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും ലഭിക്കുന്നത് നിസാര തുകയാണ്.
വരൾച്ചയുടെ സൂചന
മയിലുകൾ മലയോര പ്രദേശങ്ങളിൽ പെരുകുന്നതിന്റെ പ്രധാന കാരണം വരൾച്ച വരാൻ സാദ്ധ്യതയുള്ളതിനാലാണെന്ന് കർഷകർ ആശങ്കപ്പെടുന്നു. പൊതുവെ വരണ്ട പ്രദേശങ്ങളിലാണ് മയിലുകൾ കാണപ്പെടുക. നല്ല മഴ ലഭിക്കുന്ന മലയോര ഗ്രാമങ്ങളിലേക്ക് മയിലുകൾ കൂട്ടത്തോടെ എത്തുന്നത് കാലാവസ്ഥ വ്യതിയാനവും, വരൾച്ച ഭാവിയിലുണ്ടാകുമെന്ന സൂചനയുടെയും അടിസ്ഥാനത്തിലാണ്. സംരക്ഷിത വിഭാഗത്തിൽപ്പെട്ട മയിലുകളെ ആക്രമിക്കാനും കഴിയില്ല. അടുത്ത 10 വർഷത്തിനുള്ളിൽ മയിലുകൾ ജനവാസ ഇടങ്ങളിൽ 40 ശതമാനം വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |