
കൊച്ചി: ലക്ഷദ്വീപിൽ നിന്ന് കോടികൾ വിലമതിക്കുന്ന 286 കിലോ കടൽവെള്ളരി (സീ കുക്കുമ്പർ) പിടികൂടിയ രണ്ടു കേസുകളിൽ നാലു പേർക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. നിയമവിരുദ്ധമായി ശേഖരിച്ച കടൽവെള്ളരി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.
ലക്ഷദ്വീപിലെ സുഖേലി ചെറിയകര ദ്വീപിൽ നിന്ന് 2020 ജനുവരിയിൽ വനം വകുപ്പാണ് സൽമാനുൾ ഫാരിസ്, ഇർഫാനുദീൻ, റമീസ് നെലിയാമ്പുറ എന്നിവരിൽ നിന്ന് 234 കിലോ കടൽവെള്ളരി പിടികൂടിയത്. അഗത്തി ദ്വീപ് സ്വദേശി ട.പി. മുഖ്ബീലിൽ നിന്ന് 2021 ജനുവരിയിൽ 52 കിലോയും പിടികൂടി. രണ്ടു കേസിലും കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ട കടൽജീവിയായ കടൽവെള്ളരിയെ വേട്ടയാടുന്നതും വിൽക്കുന്നതും കൈവശം വയ്‌ക്കുന്നതും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഒരുകിലോ ഉണങ്ങാത്ത കടൽവെള്ളരിക്ക് അന്താരാഷ്ട്ര വിപണിയിൽ അരലക്ഷം രൂപയിലധികം വില ലഭിക്കും.
കവരത്തി പി.എം.എൽ.എ സ്‌പെഷ്യൽ കോടതിയിൽ ഇ.ഡി അസിസ്റ്റൻറ് ഡയറക്ടർ നിർമ്മൽ കുമാർ മോഷയാണ് കുറ്റപത്രം സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |