ബസുകൾക്ക് സ്റ്റാൻഡിൽ കയറാനാകുന്നില്ല
റാന്നി: പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ബസ് സർവീസുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടായി. അനധികൃത പാർക്കിംഗിനെതിരെ പരാതികളുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതോടെ ബസുകൾക്ക് അകത്തേക്ക് കയറാനോ തിരിക്കാനോ കഴിയുന്നില്ല. ഇത് മൂലം ബസുകൾ റോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇത് സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകും. താലൂക്ക് ആശുപത്രിയിലേക്കുള്ള വഴി പോലും തടസപ്പെടുത്തിക്കൊണ്ടാണ് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും ഇത് തടസമാണ്.
വലിയ തുക നൽകി ലേലത്തിനെടുത്ത കടമുറികൾക്ക് മുന്നിൽ രാവിലെ മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. മെഡിക്കൽ ഷോപ്പുകളിലടക്കം എത്തുന്നവർക്ക് കടയിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല
ബസുകൾക്ക് സ്റ്റാൻഡിൽ കയറാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ട്രാഫിക് പരിഷ്കാരം നടപ്പിലാക്കണം. അനധികൃത പാർക്കിംഗിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം
പ്രശാന്ത് ,വ്യാപാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |