
പോത്തൻകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ്,ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ കൈവിരൽ മുറിച്ചുമാറ്റി. കാട്ടായിക്കോണം നരിക്കൽ അരുണ ഭവനിൽ പി.ആർ.പോളിന്റെ (66) ഇടതുകൈയിലെ നടുവിരലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുറിച്ചുമാറ്റിയത്.
സമീപത്തെ പറമ്പിൽ വീണുകിടന്ന അടക്ക ശേഖരിക്കുന്നതിനിടെയാണ് പോളിനുനേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കുറ്റിക്കാട്ടിൽ നിന്ന് പെട്ടെന്ന് ചാടിവീണ പന്നിയെ സർവശക്തിയുമെടുത്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോളിന്റെ കൈയ്ക്ക് കടിയേറ്റതും ഗുരുതരമായി പരിക്കുപറ്റിയതും.
കാട്ടായിക്കോണം, മടവൂർപ്പാറ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. നഗരസഭയുടെ നേതൃത്വത്തിൽ അടുത്തകാലത്ത് നിരവധി പന്നികളെ വെടിവച്ചു കൊന്നെങ്കിലും ആക്രമണങ്ങൾക്ക് കുറവില്ല. മടവൂർപ്പാറ, കല്ലടിച്ചവിള തുടങ്ങിയ ഇടങ്ങളിലെ പാറക്കൂട്ടങ്ങൾക്കിടയിൽ പന്നികൾ കൂട്ടത്തോടെ പെറ്റുപെരുകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ വിളകളാണ് ഇവ നശിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |