SignIn
Kerala Kaumudi Online
Saturday, 07 March 2026 10.02 AM IST

കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലുകളിൽ കർശന നിയന്ത്രണങ്ങൾ; രാത്രി പ്രവേശനത്തിന് രജിസ്റ്റർ നിർബന്ധം

Increase Font Size Decrease Font Size Print Page

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെയും ലഹരി ഏജന്റുമാരുടെയും സാന്നിദ്ധ്യം സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഹോസ്റ്റലുകളിലും ക്യാമ്പസ് പ്രവേശനത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവകലാശാലയിൽ ചേർന്ന ഹോസ്റ്റൽ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിതരണ ശൃംഖലകൾ തടയുന്നതിനുമായി പുതിയ നടപടികൾ ഉടൻ പ്രാബല്യത്തിൽ വരും.

തീരുമാനപ്രകാരം, രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തുപോകുന്നവരും ഹോസ്റ്റലിലേക്ക് തിരിച്ചെത്തുന്നവരും മൂവ്‌മെന്റ് രജിസ്റ്ററിൽ പേര് രേഖപ്പെടുത്തി പുറത്തുപോകുന്ന/വരുന്ന കാരണം വ്യക്തമാക്കണം. ലാബ് പ്രവർത്തനങ്ങൾക്കായി രാത്രി തുടരേണ്ടിവരുന്ന വിദ്യാർത്ഥികൾക്ക് വകുപ്പ് തലവന്റെ അനുമതി ഉണ്ടായിരിക്കണം. രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നവർ ഐഡന്റിറ്റി കാർഡ് സൂക്ഷിക്കണം. ക്യാമ്പസിലേക്ക് മെയിൻ എൻട്രൻസ് ഒഴികെയുള്ള എല്ലാ റോഡുകളും രാത്രി ഏഴിന് അടയ്ക്കാനും യോഗം തീരുമാനിച്ചു.

മെൻസ് ഹോസ്റ്റലിലേക്കുള്ള പ്രധാന പ്രവേശന കവാടം ഒഴികെയുള്ള മറ്റ് വഴികളും അടയ്ക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് ഹൈവേയിൽ നിന്ന് പുതുതായി നിർമ്മിച്ച റോഡിൽ താൽക്കാലിക ഗേറ്റ് സ്ഥാപിച്ച് രാത്രി ഏഴിന് അടയ്ക്കാനും തീരുമാനമായി.

ഫിസിക്കൽ എഡ്യുക്കേഷൻ ഹോസ്റ്റലിലും രാത്രി പ്രവേശനത്തിനും ലൈബ്രറിയോട് അനുബന്ധിച്ചുള്ള ലേണിംഗ് സ്‌പേസിലെ പ്രവേശനത്തിനും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. ക്യാമ്പസിനുള്ളിലും പുറത്തും ലഹരി ഏജന്റുമാരുടെ നിരന്തര സാന്നിദ്ധ്യമുണ്ടെന്ന പരാതികളും വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം നടക്കുന്നതായുള്ള ആശങ്കകളും ഉയർന്നതിനെ തുടർന്നാണ് ഈ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. ഹോസ്റ്റലുകളിൽ 24 മണിക്കൂറും പ്രവേശിക്കാനും പുറത്തിറങ്ങാനും ഉള്ള സൗകര്യം ലഹരി മാഫിയ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയും യോഗത്തിൽ ചർച്ചയായി.

വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ.കലീമുദ്ദീൻ, ഡോ. പി.പി.പ്രദ്യുമ്നൻ, ഡോ. പി.റഷീദ് അഹമ്മദ്, ടി.ജെ.മാർട്ടിൻ, അദ്ധ്യാപക,​ വിദ്യാർത്ഥി പ്രതിനിധികളും ഹോസ്റ്റൽ വാർഡൻമാരും പങ്കെടുത്തു.

കർശനമായി നടപ്പാക്കും

  • തീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ ഹോസ്റ്റൽ വാർഡൻമാർക്കും സെക്യൂരിറ്റി ഓഫീസർക്കും വൈസ് ചാൻസലർ നിർദ്ദേശം നൽകി.
  • ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത പ്രവേശനം തടയുന്നതിനുമായി സുരക്ഷാ പരിശോധനകൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
  • മുൻകൂർ അറിയിപ്പില്ലാതെ വിദ്യാർത്ഥികൾ പുറത്തുപോയി ഉണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട ഹോസ്റ്റൽ വാർഡൻമാർക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലഹരി മാഫിയയുടെ ഇടപെടലുകൾ തടയുകയും വിദ്യാർത്ഥികളുടെ സുരക്ഷിത പഠനാന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

സർവകലാശാല അധികൃതർ

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.