കൊല്ലം: പ്രണയം ജീവിതത്തിൽ ബന്ധം തുന്നിച്ചേർത്തപ്പോൾ അമൃതയ്ക്ക് പഠനം മുടങ്ങി, വീണ്ടും പുസ്തകക്കൂട് തുറന്നപ്പോൾ അടച്ചുറപ്പുള്ള വീടിനും വഴിയൊരുക്കി. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒപ്പം ഭവന പദ്ധതിയുടെ ഈ വർഷത്തെ ആദ്യ ഗുണഭോക്താവായി മാറുകയാണ് 31കാരിയായ വെളിയം മൊട്ടക്കുഴി നന്ദനത്തിൽ ജെ.അമൃത. വനിതാ ദിനമായ ഇന്ന് മന്ത്രി കെ.എൻ.ബാലഗോപാലും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതീരാജും സിൻഡിക്കേറ്റ് മെമ്പർ വി.പി.പ്രശാന്തുമടക്കമുള്ളവർ വീടിന്റെ അനുമതി പത്രം അമൃതയ്ക്ക് കൈമാറും. പത്താം ക്ളാസിൽ മികച്ച മാർക്കോടെ വിജയിച്ച് കാെട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടുവിന് പഠിക്കുമ്പോഴാണ് പ്രൈവറ്റ് ബസ് കണ്ടക്ടറായ വെളിയം സ്വദേശി ബിജുരാജുമായി പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും. അതോടെ പഠനം മുടങ്ങി. മകൾ ശ്രീനന്ദ ഇപ്പോൾ എട്ടാം ക്ളാസിലുമെത്തി. വെളിയം ടൗൺ വാർഡിലെ ഹരിതകർമ്മ സേനാംഗമായ അമൃത കൊട്ടാരക്കര ഫയർ സ്റ്റേഷനുമായി ബന്ധപ്പെട്ട് സിവിൽ ഡിഫൻസ് എന്ന സന്നദ്ധ സേവന പ്രവർത്തനവും നടത്തിവരികയാണ്. ഇതിനിടയിൽ അമൃത സാക്ഷരത മിഷന്റെ പ്ളസ് ടു പരീക്ഷയെഴുതി വിജയിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഫാത്തിമ മാത നാഷണൽ കോളേജ് പഠനകേന്ദ്രത്തിൽ ബി.എ. മലയാളം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയുമാണ്. യൂണിവേഴ്സിറ്റി വീടില്ലാത്ത പഠിതാക്കൾക്ക് 'ഒപ്പം' പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ച് നൽകുന്നതറിഞ്ഞാണ് അപേക്ഷ നൽകിയത്. ഭർത്താവിന്റെ കുടുംബ ഓഹരിയായ എട്ടര സെന്റിലെ പഴയ വീട് മഴക്കാലത്ത് ഇടിഞ്ഞുപോയതിനാൽ ചെറിയൊരു ഷെഡിലാണ് അമൃതയും കുടുംബവും താമസിച്ചുവന്നത്. ഇത് ബോദ്ധ്യപ്പെട്ടാണ് പദ്ധതിയിലെ ഈ വർഷത്തെ ആദ്യ വീട് നൽകാൻ യൂണിവേഴ്സിറ്റി അധികൃതർ തീരുമാനമെടുത്തത്.
'ഒപ്പം' സംസ്ഥാനതല ഉദ്ഘാടനം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംസ്ഥാനത്തൊട്ടാകെ ഈ വർഷം 14 പഠിതാക്കൾക്കാണ് ഒപ്പം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ച് നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് 3ന് വെളിയത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നത്. യൂണിവേഴ്സിറ്റിയുടെ സോഷ്യൽ വെൽഫെയർ ഫണ്ടിൽ നിന്നുമാണ് പഠിതാക്കൾക്ക് വീട് നിർമ്മിക്കാൻ ഗഡുക്കളായി പണം നൽകുന്നത്. കഴിഞ്ഞ വർഷം 15 പേർക്ക് 6 ലക്ഷം രൂപയുടെ വീടുകൾ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോൽ കൈമാറി ഉദ്ഘാടനം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |