കൊല്ലം: പെരിനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ വില്ലേജിനോട് ചേർന്നുള്ള സ്ഥലത്തെ മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റ് വെളിച്ചം വിതറാൻ ഇനിയും നാളുകൾ കാത്തിരിക്കണം. പഴയ രീതിയിലുള്ള ഹാലജൻ ലൈറ്റാണിത്.
ഹാലജൻ ലൈറ്റ് കിട്ടാനില്ലാത്തതിനാൽ കേടായതിന് പകരം എൽ.ഇ.ഡി ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. ഇതാണ് പ്രശ്നപരിഹാരം നീട്ടുന്നത്.
തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാര കേന്ദ്രം കൂടിയായ ഇതുവഴി വെളിച്ചം കൂടി ഇല്ലാത്തതിനാൽ രാത്രിയിൽ പേടിച്ചാണ് ആളുകൾ യാത്ര ചെയ്യുന്നത്.
സന്ധ്യമയങ്ങിയാൽ വാഹനങ്ങളിൽ നിന്നും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം.
ജംഗ്ഷനിലെ കടകൾ അടച്ചുകഴിഞ്ഞാൽ ഇവിടം കൂരിരുട്ടിൽ മുങ്ങും. ഇവിടെ മാത്രമല്ല സമീപത്തെ ഇടറോഡുകളിലും സമാന അവസ്ഥയാണ്. പ്രധാന ജംഗ്ഷനിൽ സന്ധ്യ മുതൽ പുലർച്ചെ വരെ ഇരുട്ടായതോടെ, ആളൊഴിഞ്ഞ ഭാഗങ്ങളിൽ കൂടി സന്ധ്യ കഴിഞ്ഞ് വരുന്ന സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
പുതിയ പ്രോജക്ട് വയ്ക്കണം
എൽ.ഇ.ഡി ലൈറ്റ് സ്ഥാപിക്കാൻ പുതിയ പ്രോജക്ട് വയ്ക്കണം
ഇതിന് ശേഷമേ പ്രശ്നപരിഹാരം കാണാൻ കഴിയുകയുള്ളൂവെന്ന് പഞ്ചായത്ത് അധികൃതർ
ഇരുട്ടിന്റെ മറവിൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെയും മദ്യപസംഘത്തിന്റെയും ശല്യം വർദ്ധിച്ചു
പ്രഭാത സവാരിപോലും സാധിക്കാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ
തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ
ഹൈമാസ്റ്റ് ലൈറ്റുകൾ തെളിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ
ഹാലജൻ ലൈറ്റിന് പകരം എൽ.ഇ.ഡി ലൈറ്റിലേക്ക് മാറാൻ പുതിയ പ്രോജക്ട് വയ്ക്കേണ്ടി വരും. പുതിയ പ്രോജക്ടിൽ ഉൾക്കൊള്ളിച്ച് പ്രശ്നം പരിഹരിക്കും.
മനോജ്, പ്രസിഡന്റ്, പെരിനാട് പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |