SignIn
Kerala Kaumudi Online
Tuesday, 10 March 2026 11.29 AM IST

തളിപ്പറമ്പിൽ ശുഭപ്രതീക്ഷയോടെ എൽ.ഡി.എഫ് ലോക് സഭ കണക്കിനെ വിശ്വസിച്ച് യു.ഡി.എഫ്

Increase Font Size Decrease Font Size Print Page
thaliparamb

തളിപ്പറമ്പ്:കണ്ണൂ‌ർ ജില്ലയിൽ എൽ.ഡി.എഫിന്റെ അടിയുറച്ച കോട്ടയെന്ന് ദശകങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലമാണ് തളിപ്പറമ്പ്. യു.ഡി.എഫിലെ സി.പി.ഗോവിന്ദൻ നമ്പ്യാർ 1970ൽ നടത്തിയ ഒരൊറ്റ അട്ടിമറി വിജയം മാറ്റിനിർത്തിയാൽ എൽ.ഡി.എഫിന് കീഴിലാണ് തളിപ്പറമ്പിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഗണ്യമായി കൂപ്പുകുത്തിയതും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേരിയ ലീഡും കണക്കിലെടുത്ത് അട്ടിമറിമോഹവുമായാണ് യു.ഡി.എഫിന്റെ പ്രവർത്തനം.

2016ൽ എൽ.ഡി.എഫിലെ തീപ്പൊരി നേതാവ് ജെയിംസ് മാത്യു നേടിയ 40,617 ചരിത്ര ഭൂരിപക്ഷം 2021ൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മത്സരിച്ചപ്പോൾ 22,689 ആയി ചുരുങ്ങി.അതെ സമയം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയ്ക്ക് ഇതിലും കടുപ്പമേറിയതായി. കെ. സുധാകരൻ 8,787 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായതിനാൽ എം.വി. ഗോവിന്ദൻ മാറിനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സണും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അന്തിമ അംഗീകാരം നൽകി.
ഈ തീരുമാനത്തോട് പല കോണുകളിൽ നിന്നും എതിർപ്പ് കടുത്തിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലം അനൗദ്യോഗികമായി സ്ത്രീ സംവരണമാക്കിയത് ചില മുതിർന്ന പുരുഷ നേതാക്കളെ ഒഴിവാക്കാനുള്ള ബോധപൂർവം നീക്കമായിട്ടാണ് എതിർപ്പുള്ളവരുടെ പക്ഷം. 2021ൽ ഒരു മുതിർന്ന നേതാവിനെ ഒഴിവാക്കാൻ ആദ്യം എസ്.എഫ്.ഐ നേതാവ് വി. ശിവദാസന്റെ പേര് ഉയർത്തിതിന് ഒടുവിൽ എം.വി ഗോവിന്ദൻ തന്നെ ഇറങ്ങിയതിന് സമാനമാണ് ഈ നീക്കമെന്നാണ് ഇവരുടെ വാദം. ഈ അസംതൃപ്തിയിൽ യു.ഡി.എഫ് കാര്യമായ പ്രതീക്ഷ പുലർത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ചുമതല പി.ജയരാജന് നൽകി എൽ.ഡി.എഫ് മണ്ഡലത്തിൽ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.


അബ്ദുൾ റഷീദ് പരിഗണനയിൽ
എം.വി.ഗോവിന്ദനെതിരെ 70181 വോട്ടുകൾ നേടി ഉജ്ജ്വലമായ പ്രകടനം നടത്തിയ വി.പി.അബ്ദുൾ റഷീദ് ഇത്തവണയും യു.ഡി.എഫിന്റെ പരിഗണനയിലാണ്. അദ്ദേഹത്തെ തലശ്ശേരിയിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.കൊയ്യം ജനാർദനൻ, മുഹമ്മദ് ബ്ലാത്തൂർ എന്നീ പേരുകളും ഉയരുന്നുണ്ട്. കെ. സുധാകരനെ പോലുള്ള കരുത്തരായ നേതാക്കൾ മണ്ഡലത്തിലിറങ്ങണമെന്ന ആഗ്രഹവും യു.ഡി.എഫ് അണികൾ ഉയ‌ർത്തുന്നു. 2021ൽ 13,058 വോട്ടുകൾ നേടിയ എ.പി.ഗംഗാധരനെ വീണ്ടും മത്സരിപ്പിക്കാനുള്ള നിർദ്ദേശമാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൽ നിന്നും ഉയരുന്നത്.


തദ്ദേശത്തിൽ ഇടത് മേൽക്കെ
തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ, മലപ്പട്ടം എന്നീ ഗ്രാമ പഞ്ചായത്തുകളും ചേർന്നതാണ് തളിപ്പറമ്പ് നിയോജക മണ്ഡലം.ആന്തൂർ നഗരസഭയും മയ്യിൽ, മലപ്പട്ടം, കുറുമാത്തൂർ, പരിയാരം, കുറ്റിയാട്ടൂർ പഞ്ചായത്തുകളും ഇടതുകോട്ടകളാണ്. തളിപ്പറമ്പ് നഗരസഭ, ചപ്പാരപ്പടവ്, കൊളച്ചേരി പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫ് ആധിപത്യ മേഖലകൾ.


2021 തിരഞ്ഞെടുപ്പ് ഫലം

എം.വി.ഗോവിന്ദൻഎൽ.ഡി.എഫ് 92,870

വി.പി.അബ്ദുൾ റഷീദ് യു.ഡി.എഫ് 70,181

എ.പി.ഗംഗാധരൻഎൻ.ഡി.എ13,058

ഭൂരിപക്ഷം: 22,689

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.