ജില്ലയിലെ സ്കൂളുകളിൽ 300 പഴവർഗ പോഷകത്തോട്ട യൂണിറ്റുകൾ
കൊല്ലം: വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുക, അനാരോഗ്യ ശീലങ്ങളിൽ നിന്ന് മുക്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 300 പഴവർഗ പോഷകത്തോട്ട യൂണിറ്റുകൾ സജ്ജമാക്കും.
കുറഞ്ഞത് 10 സെന്റോ അതിൽ കൂടുതലോ കൃഷിഭൂമിയുള്ള ഹയർ സെക്കൻഡറി- സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഒരോ സ്കൂളിലും 1200 രൂപയുടെ തൈകൾ കൈമാറും. ഈ തുക പൂർണമായും ഹോർട്ടികൾച്ചർ മിഷൻ വഹിക്കും. ഫലവൃക്ഷ തെെകൾ കൃഷിഭവനുകൾ മുഖേന ലഭ്യമാക്കും. കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂളുകളിൽ കൃഷി ക്ളാസുകൾ സംഘടിപ്പിക്കും. തൈകൾ നടീലും പരിപാലന ചുമതലയും വിദ്യാർത്ഥികൾക്കാണ്. തൈകൾക്കും വളങ്ങൾക്കും പുറമേ മറ്റ് സംരക്ഷണമൊരുക്കാനുള്ള സഹായവും ഹോർട്ടികോർപ്പ് നൽകും. പാകമായ പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. വിൽക്കാൻ താത്പര്യമുള്ളവർക്ക് അതിനുള്ള അവസരവും ഒരുക്കും.
ഒരു സ്ഥാപനത്തിന് അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും. ഇവിടെയാണ് ഫലങ്ങൾ കൃഷി ചെയ്യേണ്ടത്. പദ്ധതിക്ക് അതത് സ്കൂളിലെ അദ്ധ്യാപക സംഘടനകളോ മാനേജ്മെന്റ് പ്രതിനിധികളോ നേതൃത്വം നൽകും. സംസ്ഥാന കൃഷിവകുപ്പിന്റെ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി, ഹോർട്ടികൾച്ചർ മിഷൻ നടപ്പാക്കുന്ന 'രാഷ്ട്രീയ കൃഷിവികാസ് യോജന-പഴവർഗ പോഷകത്തോട്ട പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ് ഇത് സംഘടിപ്പിക്കുന്നത്.
നിറയുന്നത് ഇവ
മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി, ഇഞ്ചി തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകൾ പോഷകത്തോട്ടങ്ങളിൽ ഉൾപ്പെടുത്തും.
വേനലവധി വരുന്നതിനാൽ ഈ മാസം തൈകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പമുണ്ട്. ജൂണിൽ വിതരണം ചെയ്യാനാണ് സാദ്ധ്യത
ഹോർട്ടികൾച്ചർ മിഷൻ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |