കോഴിക്കോട്: പലവിധ പകർച്ചവ്യാധികളുമായി പ്രതിദിനം അത്യാഹിത വിഭാഗത്തിലും വിവിധ ഒ.പികളിലുമെത്തുന്ന രോഗികൾ ആയിരത്തിലധികം, നഴ്സുമാരുടെ സമരത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ നിന്നെത്തിയവർ വേറെ, ഇതിനിടെ വിദഗ്ദ്ധ ചികിത്സതേടിയെത്തിയ രോഗികൾ കൂടി ചേർന്നതോടെ ശ്വാസംമുട്ടി മെഡി. കോളേജ് . ആശുപത്രിയിലെ ഓരോ വാർഡിലുമുള്ളത് ഒരുസമയം ആറിരട്ടി രോഗികളാണ്.
മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വരാന്തയിലെ തറയിൽ അഭയം തേടിയിരിക്കുകയാണ് രോഗികൾ. മെഡിസിൻ, കാർഡിയോളജി ഒ.പികളിലാണ് തിരക്ക് കൂടുതൽ. മെഡിസിൻ വാർഡിൽ പ്രതിദിനം ശരാശരി 600ൽ കൂടുതൽ രോഗികളാണ് എത്തുന്നത്. ഇതിൽ ഏറെയും അഡ്മിറ്റ് രോഗികൾ. ശരാശരി 30 ബെഡുള്ള ഒരു വാർഡിൽ 150 ലധികം പേരാണ് കിടക്കുന്നത്. രോഗികളും കൂട്ടിരിപ്പുകാരും ചേരുമ്പോൾ ഇടംവലം തിരിയാൻ കഴിയാത്തവിധം തിക്കും തിരക്കുമാണ്. പ്രതിദിനം ശരാശരി 5000 രോഗികളാണ് മെഡിക്കൽ കോളേജിലെത്തുന്നത്.
റഫറൽ പ്രോട്ടോക്കോളില്ല
മെഡിക്കൽ കോളേജുകളിലെ തിരക്ക് നിയന്ത്രിക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവർത്തിക്കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല. താഴേത്തട്ടിലുള്ളവർ തോന്നുംപടി രോഗികളെ മെഡി.കോളേജിലേക്ക് റഫർ ചെയ്ത് അയക്കുന്ന സ്ഥിതിയാണ്. ചെറിയ പനിയും ഛർദ്ദിയുമായി താലൂക്ക് ജനറൽ ആശുപത്രികളിലെത്തുന്നവരെ ഉടൻ മെഡിക്കൽ കോളേജിലേക്ക് അയക്കുന്ന പ്രവണത വർദ്ധിക്കുന്നതായും ആക്ഷേപമുണ്ട്.
ജോലി ഭാരം ഇരട്ടി
രോഗികൾ കൂടിയതോടെ നിലവിലെ നഴ്സുമാർ ഇരട്ടിജോലി ഭാരത്താൽ വലയുകയാണ്. 60 വർഷം മുമ്പ് തയ്യാറാക്കിയ സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും നഴ്സുമാരെ നിയമിക്കുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആവശ്യമായ പരിചരണം ലഭിക്കാത്ത അവസ്ഥയാണ്. രോഗികൾക്ക് ആനുപാതികമായി 2000 നഴ്‌സുമാരെങ്കിലും ആവശ്യമുള്ള ആശുപത്രിയിൽ എണ്ണൂറോളം നഴ്സുമാരാണുള്ളത്. സ്ഥിരം തസ്തികയിൽ 500 നഴ്‌സുമാരാണുള്ളത്. ഐ.സി.യുകളിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത അവസ്ഥയാണ്. നഴ്സുമാരിൽ പലരും രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം തുടർച്ചയായി ഡബിൾ ഡ്യൂട്ടി ചെയ്യുകയാണ്. അർഹതപ്പെട്ട അവധി പോലും ലഭിക്കുന്നില്ലെന്നാണ് നഴ്സുമാർ പറയുന്നത്.
സ്വകാര്യ ആശുപത്രി
നഴ്സുമാർ സമരം
അവസാനിപ്പിച്ചു
കോഴിക്കോട്: സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥ ചർച്ചയ്ക്ക് ഹൈക്കോടതി നിർദ്ദേശിച്ചതോടെ
ശമ്പളവർധന ആവശ്യപ്പെട്ട് നഴ്സുമാർ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വരുന്ന പ്രത്യക്ഷ സമരം താത്കാലികമായി അവസാനിപ്പിച്ചു. ഇന്നലെ മുതൽ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാർ ജോലിയിൽ തിരിച്ചു കയറി. വെള്ളിയാഴ്ച്ച മുതൽ ഇഖ്റ ആശുപത്രിയിലെ നഴ്സുമാർ ഡ്യൂട്ടിക്ക് കയറിയിരുന്നു. ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ നഴ്സുമാർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായതിനെത്തുടർന്നായിരുന്നു നടപടി. മറ്റ് പ്രധാന ആശുപത്രികളിലെ നഴ്സുമാർ വെള്ളിയാഴ്ചയും സമരത്തിൽ പങ്കെടുത്തിരുന്നു. അതേസമയം ഇന്നലെ ഡ്യൂട്ടിക് കയറിയ നഴ്സുമാരോട് റീജോയിനിംഗ് ലെറ്റർ നൽകാൻ മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര തുടങ്ങിയ ആശുപത്രി മാനേജ്മെന്റുകൾ ആവശ്യപ്പെട്ടതായി യുനൈറ്റഡ് നഴസസ് യൂനിയൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ജിഷ്ണു അശോകൻ പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് മാനിച്ചാണ് 19 വരെ പ്രത്യക്ഷ സമരം നിർത്തിവെച്ചിരിക്കുന്നതെന്ന് യു.എൻ.എ ദേശീയ പ്രസിഡന്റ് എം.ജാസ്മിൻ ഷാ അറിയിച്ചു. 16 ന് സർക്കാർ വിളിച്ച യോഗത്തിലും 17ന് ചേരുന്ന ഹൈക്കോടതി മീഡിയേഷൻ യോഗത്തിലും യു.എൻ.എ പങ്കെടുക്കും. ധാരണയിലെത്തിയില്ലെങ്കിൽ പണിമുടക്ക് പുനരാംരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |