കൊല്ലം: സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. അഞ്ചിടത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശേരി (കോട്ടയം), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
കളമശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങൾ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അൾട്രാ വയലറ്റ് സൂചിക 6 മുതൽ 7 വരെ യെല്ലോ അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിൽ എത്തുമ്പോൾ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക വിവരങ്ങൾ മാത്രമാണ് അറിയാൻ കഴിയുന്നത്. ജില്ലയിൽ കൊട്ടാരക്കരയിലാണ് ഈ സ്റ്റേഷനുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ഏറ്രക്കുറച്ചിലുകൾ മത്രമാണ് രേഖപ്പെടുത്തുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ യു.വി സൂചിക ഉയർന്നാലും അറിയാൻ കഴിയില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനവും നടപ്പാക്കണം.
ഒഴിവാക്കരുത് വെള്ളം
തുടർച്ചയായി അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ പതിക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും
പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്ട് ഡ്രിങ്കുകൾ പകൽ സമയത്ത് ഒഴിവാക്കുക
അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക
കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം നല്ലതാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |