പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത കടന്നുപോകുന്ന പത്തനാപുരം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പള്ളിമുക്ക് മുതൽ കല്ലുംകടവ് പാലം വരെയുള്ള അഞ്ച് കിലോമീറ്ററോളം ഭാഗത്താണ് ദിവസവും മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്നത്. പാത വീതികൂട്ടി നവീകരിച്ചെങ്കിലും കുരുക്കിന് പരിഹാരമായിട്ടില്ല.
സമാന്തര പാതകളും കുരുക്കിന് കാരണം
അലിമുക്ക്-പുന്നല, കുന്നിക്കോട്-പത്തനാപുരം, മാങ്കോട്, ഗാന്ധിഭവൻ തുടങ്ങിയ സമാന്തര പാതകളിലൂടെ എത്തുന്ന വാഹനങ്ങൾ പ്രധാന പാതയിൽ പ്രവേശിക്കുന്നതോടെയാണ് കുരുക്ക് മുറുകുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാറ ഉത്പ്പന്നങ്ങൾ കയറ്റിയ ലോറികളും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും പത്തനാപുരം ടൗൺ വഴിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് കടന്നുപോകുന്നത്.
നിയന്ത്രണമില്ലാത്ത പാർക്കിംഗ്
പാതയോരങ്ങളിലെ അനധികൃത പാർക്കിംഗും വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും കുരുക്ക് രൂക്ഷമാക്കുന്നു. നിലവിൽ പൊലീസ് സ്റ്റേഷന് സമീപം മാത്രമാണ് സുരക്ഷാ ജീവനക്കാരുടെ സേവനമുള്ളത്. പള്ളിമുക്ക് ഉൾപ്പെടെയുള്ള പ്രധാന ജംഗ്ഷനുകളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.
സ്കൂൾ സമയത്തെ ദുരിതം
അമിതഭാരം കയറ്റിയെത്തുന്ന ടോറസ് ലോറികളും കൂറ്റൻ വാഹനങ്ങളും കുരുക്കിന് ആക്കം കൂട്ടുന്നു. സ്കൂൾ വിടുന്ന സമയങ്ങളിൽ കുരുക്ക് നിയന്ത്രിക്കാൻ പൊലീസും സെക്യൂരിറ്റി ജീവനക്കാരും പെടാപ്പാട് പെടുകയാണ്. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |