ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും നെല്ല്സംഭരണത്തിൽ സപ്ളൈകോയും സർക്കാരും പഴയ താൽപ്പര്യം കാട്ടാതിരിക്കുകയും ചെയ്തതോടെ കുട്ടനാട്ടിൽ കായൽ നിലങ്ങളിലുൾപ്പെടെ നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. മികച്ച വിളവുള്ള കായൽ നിലങ്ങളായ പുളിങ്കുന്ന്, കൈനകരി, രാമങ്കരി കൃഷിഭവൻ പരിധികളിലെ വിവിധ പാടശേഖരങ്ങളിലായി 50 ലോഡിലധികം നെല്ലാണ് മില്ലുകാരെ കാത്ത് കിടക്കുന്നത്.
ഗുണനിലവാരമുള്ള മികച്ച നെല്ല് പാടത്ത് ടാർപോളിനടയിൽ കെട്ടികിടക്കുകയും വേനൽ മഴ ഏത് സമയവുമുണ്ടാകുമെന്ന് മുന്നറിയിപ്പ് വരികയും ചെയ്തതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. പുഞ്ച വിളവെടുപ്പിന്റെ തുടക്കം മുതൽ കുട്ടനാട്ടിൽ മില്ലുകൾ അനാവശ്യ കിഴിവ് ഈടാക്കാനും കർഷകരെ ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരവേ പ്രശ്നത്തിൽ ഇടപെടാൻ ജനപ്രതിനിധികളോ സർക്കാരോ തയ്യാറായിട്ടില്ല.
പുഞ്ച കൃഷിയിൽ കായൽ നിലങ്ങളിലാണ് കുട്ടനാട്ടിൽ മികച്ച വിളവ് ലഭിക്കുന്നത്.
ചോദിച്ച കിഴിവ് സമ്മതിച്ചിട്ടും നെല്ലെടുക്കുന്നില്ല
മഴയെ ഭയന്ന് മൂന്ന് കിലോ കിഴിവ് നൽകാമെന്ന് കർഷകർ പറഞ്ഞിട്ടും സംഭരണത്തിന് നിയോഗിച്ച മില്ലുകൾ നെല്ലേറ്റെടുക്കാൻ തയ്യാറാകുന്നില്ല
സംഭരണത്തിന് വിസമ്മതിക്കുന്ന മില്ലുകാർക്കെതിരെ നടപടിയ്ക്ക് സപ്ളൈകോ പാഡി ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്
പാടങ്ങളിൽ കിടക്കുന്ന നെല്ല് ഗുണനിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ ഏറ്റെടുപ്പിക്കാനുള്ള ശ്രമം ഉദ്യോഗസ്ഥരുടെഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല
സംഭരണം ഇതുവരെ
(മെട്രിക് ടണ്ണിൽ)
പ്രതീക്ഷിക്കുന്ന വിളവ് ........1,31,050.29
കൊയ്‌തത് ...........................27,365.13
സംഭരിച്ചത്.............................4398.12
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സർക്കാർ തലത്തിൽ ശക്തമായ ഇടപെടലില്ലാത്തതിനാൽ സപ്ളൈകോ ഉദ്യോഗസ്ഥരും നെല്ല് സംഭരണത്തിൽ കാര്യമായി ഇടപെടുന്നില്ല
- കർഷകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |