
കൊച്ചി: അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വിപണി ഇടപെടലുകളിലും ക്രൂഡോയിൽ വില താഴുന്നില്ല. ജി7 രാജ്യങ്ങൾ അധിക എണ്ണ ലഭ്യമാക്കിയിട്ടും റഷ്യൻ, ഇറാൻ എന്നിവയ്ക്കെതിരെ ഉപരോധം ഒഴിവാക്കിയിട്ടും ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുകയാണ്. ഇതോടെ ആഗോള ഇന്ധന പ്രതിസന്ധി ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മർദ്ദമേറി.
ഇന്ധന പ്രതിസന്ധി അതിരൂക്ഷമാകുന്നതോടെ ലോകമൊട്ടാകെ സാമ്പത്തിക മേഖല മുൾമുനയിലാണ്. യുദ്ധം അവസാനിച്ചാലും സാമ്പത്തിക മേഖല സാധാരണ നിലയിലെത്താൻ വർഷങ്ങളെടുക്കുമെന്ന് അനലിസ്‌റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങൾ കടുത്ത ധന പ്രതിസന്ധി നേരിടാനും ഇടയുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ ഇന്ധന ഉത്പാദന തടസങ്ങളും ഹോർമൂസ് കടലിടുക്കിലെ ഗതാഗതം നിലച്ചതും ലോകമൊട്ടാകെ നാണയപ്പെരുപ്പം അഞ്ച് ശതമാനം വരെ ഉയരാൻ ഇടയാക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര കമ്മി കുതിച്ചുയരാനും നാണയ വിപണി തകർച്ച നേരിടാനും സാദ്ധ്യതയേറുകയാണ്. ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നു. ലോകത്തിലെ മൊത്തം ചരക്കു ഗതാഗതത്തിന്റെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസിലൂടെ കപ്പൽ നീക്കം തടസപ്പെട്ടതോടെ ഗൾഫ് മേഖലയിൽ നിന്നും ഇന്ധനം ലോക വിപണിയിലെത്താതായതാണ് ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നത്.
പ്രതിസന്ധിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഗ്രൂപ്പ്7 രാജ്യങ്ങൾ നാല് കോടി ബാരൽ അധിക എണ്ണ വിപണിയിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. എന്നാൽ പിന്നീടും പൂർവാധികം ശക്തിയോടെ വില ഉയർന്നു. ഇതിനു ശേഷം റഷ്യയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഒരു മാസത്തേക്ക് എണ്ണ വാങ്ങുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇളവ് നൽകിയിട്ടും വില താഴ്ന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ക്രൂഡോയിൽ വില ബാരലിന് 110 ഡോളറിന് മുകളിൽ തുടരുകയാണ്. ഇന്നലെ ഇറാൻ എണ്ണ വാങ്ങുന്നതിനും ട്രംപ് അനുമതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |