
കൊല്ലം: പൊള്ളുന്ന ചൂടിന് മീതേയായിരുന്നു കൊല്ലം നിയമസഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. എൻ.പ്രതാപ് കുമാറിന്റെ പ്രചാരണ ചൂട്. എന്നാൽ എരിപൊരി ചൂടിലും കൂളായിരുന്നു സ്ഥാനാർത്ഥി. രാവിലെ പാർട്ടി ഓഫീസിലെത്തി പ്രവർത്തകരുമായി പ്രചാരണം വിലയിരുത്തിയ ശേഷമാണ് പ്രതാപ് കുമാർ പ്രചാരണത്തിനിറങ്ങിയത്.
വയലിൽകാവ് ഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്തു.
ക്ഷേത്രദർശനം നടത്തി പ്രദേശവാസികളോട് വോട്ട് അഭ്യർത്ഥനയും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുളങ്കാടകം കുന്നേമുക്ക് ഭാഗത്ത് ഗൃഹസമ്പർക്ക പരിപാടി നടത്തിയ പ്രതാപ്കുമാർ ഓരോരുത്തരോടും സംസാരിച്ച് ആശങ്കകൾ ചോദിച്ചറിഞ്ഞു.
തിരുമുല്ലവാരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സന്ദർശിച്ച ശേഷം തീരദേശ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തിരുമുല്ലവാരം ബലിതർപ്പണ സ്ഥലവും അദ്ദേഹം സന്ദർശിച്ചു. തിരുമുല്ലവാരം ശ്രീമഹാവിഷ്ണു ക്ഷേത്രം സന്ദർശിച്ച അദ്ദേഹം വിശ്വാസികളോട് പിന്തുണ അഭ്യർത്ഥിച്ചു. വിഷ്ണത്തുകാവ് ഭഗവതി ക്ഷേത്രപരിസരത്ത് ജനസമ്പർക്ക പരിപാടിക്ക് ശേഷം തിരുമല ദേവസ്വം ക്ഷേത്രത്തിലുമെത്തി. തുടർന്ന് തിരുമുല്ലവാരത്ത് ഇൻകം ടാക്സ് പ്രൊഫഷണലുകളുടെ സമ്മേളനത്തിലും പങ്കെടുത്തു.
മുരുന്തൽ ഏറത്ത്കാവ് ക്ഷേത്രത്തിൽ അന്നദാനത്തിൽ പങ്കുചേർന്ന ശേഷമാണ് ഡോ. പ്രതാപ്കുമാർ മടങ്ങിയത്. വൈകിട്ട് നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും ഡോ. പ്രതാപ് കുമാർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |