SignIn
Kerala Kaumudi Online
Saturday, 25 April 2026 4.46 AM IST

കർഷക പ്രതിഷേധം ഫലംകണ്ടു, നെല്ല് സംഭരണത്തിൽ ധാരണ

Increase Font Size Decrease Font Size Print Page
1

കുട്ടനാട്: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണത്തിൽ കുട്ടനാട്ടിൽ ആഴ്ചകളായി നീണ്ടുനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിനെതിരെ നെൽകർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മങ്കൊമ്പിൽ പാഡി ഓഫീസിലും എ.സി റോഡിലും നടന്ന പ്രതിഷേധം ഫലം കണ്ടു. പ്രതിഷേധത്തിൽ സ്ഥാനാർത്ഥികളും പങ്കാളികളാകുകയും സിറ്റിംഗ് എം.എൽ.എയും ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ തോമസ് കെ. തോമസ് മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും ചെയ്തതോടെ ആറുമണിക്കൂർ നീണ്ട പ്രതിഷേധത്തിന് പരിഹാരമായി.

കുട്ടനാട്ടിലെ 30 ഓളം പാടങ്ങളിൽ ദിവസങ്ങളായി കെട്ടിക്കിടക്കുന്ന 400 ലോഡോളം നെല്ല് എത്രയും വേഗം സംഭരിക്കാനും ഇന്ന് തന്നെ ചാക്കുകൾ വിതരണം ചെയ്യാനും സപ്ളൈകോ എം.ഡിയും മില്ലുടകളുമായി നടത്തിയ ചർച്ചയിൽ ധാരണയായതോടെ ഇന്നലെ വൈകിട്ട് 4.45 ഓടെ സമരം അവസാനിപ്പിച്ചു. രാവിലെ 10.30 ഓടെയായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. മങ്കൊമ്പ് പാഡി ഓഫീസിലെത്തിയ കർഷകരും നെൽകർഷക സംരക്ഷണ സമിതി നേതാക്കളും പാഡി മാർക്കറ്റിംഗ് ഓഫീസറുമായി ചർച്ച നടത്തിയെങ്കിലും സംഭരണത്തിന് മില്ലുകാർ വഴങ്ങുന്നില്ലെന്ന ഘട്ടം വന്നതോടെ കർഷകർ പാഡി ഓഫീസിൽ കുത്തിയിരിപ്പ് സമരം തുടങ്ങി.

സമരത്തിന് പിന്തുണയുമായി

സ്ഥാനാർത്ഥികളും എത്തി

കർഷകർ കുത്തിയിരിപ്പ് സമരം നടത്തുന്നതറിഞ്ഞ് എൽ.ഡി.എഫ്, യു.ഡി.എഫ് , എൻ.ഡി.എ, എസ്.യു.സി.ഐ സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും തിര‌ഞ്ഞെടുപ്പ് പ്രവർത്തനം മതിയാക്കി പാഡി ഓഫീസിലേക്കെത്തി. കർഷകർക്കൊപ്പം സ്ഥാനാർത്ഥികളും പ്രവർത്തകരും നിലയുറപ്പിച്ചു. മില്ലുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും തോമസ്.കെ.തോമസ് അറിയിച്ചെങ്കിലും കർഷകർ വഴങ്ങിയില്ല. ഇപ്പോൾതന്നെ പരിഹാര നടപടികൾ കൈക്കൊള്ളണമെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. ഇതിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ നേതൃത്വത്തിൽ ഒരു സംഘം എ.സി റോഡ് ഉപരോധിച്ചു. ഇവരെ പുളിങ്കുന്ന് പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. തോമസ് കെ. തോമസ് എം.എൽ.എ, റെജി ചെറിയാൻ, സന്തോഷ് ശാന്തി, എസ്.യു .സി.ഐ സ്ഥാനാർത്ഥി പി.കെ ശശി എന്നിവർ പാഡി ഓഫീസിൽ ഉച്ചഭക്ഷണംപോലും കഴിക്കാതെ സമരം തുടർന്നു. തിരഞ്ഞെടുപ്പ് പരിപാടിയിലായിരുന്ന മുഖ്യമന്ത്രിയെ തോമസ് കെ.തോമസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചതോടെ സപ്ളൈകോ എം.ഡിയുടെ നേതൃത്വത്തിൽ മില്ലുകാരുടെയും കർഷക പ്രതിനിധികളുടെയും യോഗം ഓൺലൈനായി കൂടുകയായിരുന്നു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.