SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.51 AM IST

​പുനലൂർ പിടിക്കാൻ പുതുമുഖങ്ങൾ

Increase Font Size Decrease Font Size Print Page

കൊല്ലം: മൂന്ന് പതിറ്റാണ്ടായി ഇടത് മുന്നണിയെ നെഞ്ചേറ്റുന്ന ജില്ലയുടെ കിഴക്കൻ മലയോര മണ്ഡലമായ പുനലൂരിൽ ഇത്തവണ പുതുമുഖങ്ങളുടെ പടയൊരുക്കം. ഇടത് കോട്ടയാണെങ്കിലും, കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം നൽകിയ പുനലൂരിന്റെ 'മാന്ത്രിക' വോട്ടിംഗ് രീതി ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം.

സംഘടനാപരമായി അടിത്തറയുള്ള ബി.ജെ.പിക്ക് മണ്ഡലത്തിലുള്ള ഇരുപതിനായിരത്തോളം വരുന്ന വോട്ട് ബാങ്കിന് പുറമെ, ട്വന്റി20-യുടെ 'വികസന' പ്രതിച്ഛായയും സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വീകാര്യതയും മുന്നണികൾക്കിടയിലെ വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കാൻ സാദ്ധ്യതയുണ്ട്.

​കഴിഞ്ഞ 30 വർഷമായി ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈയുണ്ട്. 1982ലും 84ലും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും, 1991ൽ കോൺഗ്രസും വിജയിച്ചതൊഴിച്ചാൽ ബാക്കി എല്ലാ കാലത്തും സി.പി.ഐക്കായിരുന്നു ജയം. 2011, 2016 വർഷങ്ങളിൽ കെ.രാജു മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011ൽ 18005 വോട്ടിന്റെയും 2016ൽ 33548 വോട്ടിന്റെയും ഭൂരിപക്ഷം ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു.​ 2021ൽ സി.പി.ഐയിലെ പി.എസ്.സുപാൽ 37057 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിറുത്തിയത്. യു.ഡി.എഫിനായി മത്സരിച്ച മുസ്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.


​വെല്ലുവിളിയും സാദ്ധ്യതയും
​ഡി.സി.സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാന്റെ പ്രതിഷേധം യു.ഡി.എഫ് ക്യാമ്പിൽ തുടക്കത്തിൽ ആശങ്കയുണ്ടാക്കിയെങ്കിലും എ.ഐ.സി.സി ഇടപെട്ട് പരിഹരിച്ചത് ആശ്വാസകരമാണ്. ഹൈന്ദവ ഭൂരിപക്ഷമുള്ള, ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള വൈവിദ്ധ്യമാർന്ന സാമൂഹിക ഘടനയാണ് പുനലൂരിന്റേത്. എന്നാൽ, അതിനപ്പുറം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും വോട്ടായി മാറും. പുനലൂർ നഗരസഭയും ഏഴ് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. വികസന മുരടിപ്പാണ് യു.ഡി.എഫ് പ്രധാനമായും ഉയർത്തുന്നത്. എന്നാൽ, തോട്ടം തൊഴിലാളികൾ, കർഷകർ, തമിഴ് വംശജർ എന്നിവർക്കിടയിലുള്ള ശക്തമായ അടിത്തറയും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും തുണയ്ക്കുമെന്ന് എൽ.ഡി.എഫ് കരുതുന്നു.

സി.അജയപ്രസാദ്​ (എൽ.ഡി.എഫ്)

സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും മുൻ മണ്ഡലം സെക്രട്ടറിയുമായ സി.അജയപ്രസാദാണ് ഇടതുമുന്നണിക്കായി രംഗത്തുള്ളത്. തൊഴിലാളി നേതാവെന്ന നിലയിലുള്ള സ്വാധീനവും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു.


നൗഷാദ് യൂനുസ് (​യു.ഡി.എഫ്)

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. പിതാവ് എ.യൂനസ് കുഞ്ഞിന്റെ രാഷ്ട്രീയ പാരമ്പര്യവും ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് ലഭിച്ച 18000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷവുമാണ് നൗഷാദിന്റെ ആത്മവിശ്വാസം.

അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി20)
​അഭിഭാഷകനും പുനലൂർ എസ്.എൻ കോളേജിലെ മുൻ അദ്ധ്യാപകനുമായ രഘുനാഥ്, പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച പരിചയവുമായാണ് നിയമസഭയിലേക്ക് കന്നിയങ്കത്തിന് ഒരുങ്ങുന്നത്. ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആണ് ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.