കൊല്ലം: ചുട്ടുപൊള്ളിക്കുന്ന ചൂടിൽ നിന്ന് അല്പം ആശ്വാസമായി ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന ഫലമില്ല. ഇന്നലെയും ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. എന്നാൽ ചൂട് വലിയ മാറ്റമില്ലാതെ തുടർന്നു.
കൊട്ടാരക്കരയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അപ്രതീക്ഷിതമായി എത്തിയ മഴ പലർക്കും ബുദ്ധിമുട്ടുമുണ്ടാക്കിയെങ്കിലും അല്പനേരത്തേക്ക് ഉഷ്‌ണം ശമിച്ചു. ശക്തമായി പെയ്ത മഴ പൊടിശല്യവും നേരിയതായി കുറച്ചു. കഴിഞ്ഞദിവസം രാത്രി മഴ പെയ്യുമെന്ന തോന്നലുണ്ടായെങ്കിലും പെയ്യില്ല. ഇവിടങ്ങളിൽ പിന്നീടുള്ള മണിക്കൂറുകളിൽ അസഹനീയ അവസ്ഥയാണ്. രാത്രി താപനില വർദ്ധിക്കുന്നതോടെ ഉറങ്ങാൻ പോലും കഴിയില്ല. ഈ മാസം ഇതുവരെ ആവശ്യത്തിന് മഴ ലഭിച്ചില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. 46.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 26.8 മില്ലീമീറ്റർ മഴ മാത്രമാണ് ജില്ലയിൽ പെയ്തത്. 42 ശതമാനം മഴ കുറവെന്നാണ് കണക്ക്. 20 മുതൽ 59 ശതമാനം വരെ മഴ കുറയുമ്പോഴാണ് മഴക്കുറവായി കണക്കാക്കുന്നത്.
അൾട്രാവയലറ്റ് സൂചിക 7
ജില്ലയിൽ കഴിഞ്ഞ ദിവസം അൾട്രാവയലറ്റ് സൂചിക 7 ആണ് രേഖപ്പെടുത്തിയത്. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.ചൂട് കൂടിയതും മഴ ദൗർലഭ്യവും മൂലം വേനലിന്റെ തുടക്കത്തിൽത്തന്നെ ജില്ലയുടെ പല പ്രദേശങ്ങളും ശുദ്ധജലക്ഷാമത്തിന്റെ പിടിയിലായിരുന്നു. ഇതു കാർഷിക മേഖലയിലടക്കം പ്രതിസന്ധിക്ക് ഇടയാക്കി. ചില മേഖലകളിൽ വാഴ ഉൾപ്പെടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി നശിച്ചിരുന്നു. തീപിടിത്തങ്ങളും വർധിച്ചു. ഇതോടൊപ്പം ഉയർന്ന അൾട്രാവയലറ്റ് സൂചികയും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.വരും ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ പരക്കെ കാര്യമായി മഴ ലഭിച്ചാൽ മാത്രമേ അല്പമെങ്കിലും ആശ്വാസമാവുകയുള്ളു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |