കൊല്ലം: ആർ.എസ്.പിയുടെ കരുത്തുറ്റ മണ്ണും ഇടതുകോട്ടയുമായ ചവറയിൽ പോരാട്ടം പ്രവചനാതീതം. 1977ൽ രൂപീകൃതമായ മണ്ഡലത്തിൽ ബേബി ജോണിലൂടെ തുടങ്ങിയ രാഷ്ട്രീയ ചരിത്രം നിർണായക ഘട്ടത്തിലാണ്. വികസനവും രാഷ്ട്രീയ പാരമ്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
1977 മുതൽ 1996 വരെ ബേബി ജോൺ എന്ന അതികായൻ അടക്കിവാണ മണ്ഡലം. ആർ.എസ്.പിയിലുണ്ടായ പിളർപ്പോടെയാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക് മാറിയത്. 2001ൽ യു.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച ഷിബു ബേബി ജോൺ വിജയിച്ചെങ്കിലും 2006ൽ എൻ.കെ. പ്രേമചന്ദ്രനിലൂടെ ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രനും തമ്മിലുള്ള വാശിയേറിയ പോരാട്ടങ്ങൾക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2016ൽ ആർ.എസ്.പി വിട്ടെത്തിയ എൻ. വിജയൻ പിള്ള എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് കോട്ട പിടിച്ചെടുത്തത് വലിയ രാഷ്ട്രീയ ചലനമായി. വിജയൻ പിള്ളയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം നടന്ന 2021ലെ തിരഞ്ഞെടുപ്പിൽ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയിലൂടെ ഇടത് മുന്നണി മണ്ഡലം നിലനിറുത്തി. മുൻ മന്ത്രി ഷിബു ബേബി ജോണിനെ 1,096 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 14,211 വോട്ടുകൾ നേടിയ ബി.ജെ.പി മണ്ഡലത്തിൽ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കി.
വ്യവസായവും തീരദേശവും
കെ.എം.എം.എൽ, ഐ.ആർ.ഐ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം ചവറയുടെ സാമ്പത്തിക നിലയെയും രാഷ്ട്രീയത്തെയും ഒരുപോലെ നിയന്ത്രിക്കുന്നു. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. മറുഭാഗത്ത് നീണ്ടകര ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗ്ഗമാണ്. കരിമണൽ ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കടലാക്രമണം തടയാനുള്ള പുലിമുട്ടുകളുടെ നിർമ്മാണവും ഇവിടത്തെ വോട്ടർമാരുടെ പ്രധാന വിഷയങ്ങളാണ്.
സാമൂഹിക ഘടന
ഹൈന്ദവ, മുസ്ലിം വിഭാഗങ്ങൾക്ക് പുറമെ തീരദേശ മേഖലകളിൽ ലത്തീൻ കത്തോലിക്കർക്കും സ്വാധീനമുണ്ട്. ചവറ, നീണ്ടകര, പന്മന, തേവലക്കര, തെക്കുംഭാഗം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ തദ്ദേശ ഭരണതലത്തിൽ യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും നിയമസഭയിൽ ഇടതിനൊപ്പമാണ് ജനവിധി.
സ്ഥാനാർത്ഥി ചിത്രം
ഡോ.സുജിത്ത് വിജയൻപിള്ള (എൽ.ഡി.എഫ്)
അന്തരിച്ച മുൻ എം.എൽ.എ വിജയൻപിള്ളയുടെ മകനാണ്. നിലവിൽ ചവറ എം.എൽ.എ
ഷിബു ബേബി ജോൺ (യു.ഡി.എഫ്)
ആർ.എസ്.പി ദേശീയ കമ്മിറ്റി അംഗം. ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു
കെ.ആർ.രാജേഷ് (ബി.ജെ.പി)
ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റായ കെ.ആർ.രാജേഷ് കരുനാഗപ്പള്ളി വെള്ളനാതുരുത്ത് സ്വദേശിയാണ്. ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ആയിരുന്ന അദ്ദേഹം പന്മന മണ്ഡലം പ്രഭാരി കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |