SignIn
Kerala Kaumudi Online
Saturday, 25 April 2026 1.50 AM IST

40 ലക്ഷം കൊണ്ട് എന്താകാൻ,​ പ്രചാരണം കൊഴുപ്പിക്കാൻ കോടികൾ വേണം

Increase Font Size Decrease Font Size Print Page

തിരഞ്ഞെടുപ്പ് കമ്മിഷൻ നിബന്ധന അനുസരിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയാണ്. കമ്മിഷന് അങ്ങനെയൊക്കെ പറയാം എട്ടും പത്തും പഞ്ചായത്തുകൾ വരുന്ന ഒരു നിയമസഭ മണ്ഡലം ഇളക്കി മറിക്കുന്ന പ്രചാരണം വേണമെങ്കിൽ രണ്ട് കോടി രൂപ വരെ വേണമെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. ഏറ്റുമാനൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ച് ഒരു ലക്ഷം പോസ്റ്ററും, 25000 ഫ്ലക്സ് ബോർഡുകളും അച്ചടിച്ചുവച്ച ജോസഫ് വാഴയ്ക്കന് 25 ലക്ഷം രൂപയോളം ചെലവായെന്നാണ് പറയുന്നത്. അപ്പോൾ പിന്നെ തിരഞ്ഞെടുപ്പ് ഗോദയിലെ ഒരുമാസത്തെ ചെലവ് ഊഹിക്കാവുന്നതേയുള്ളൂ. പശ്ചിമേഷ്യൻ യുദ്ധം കാരണം ചെലവ് കൂടിയെന്നാണ് സ്ഥാനാർത്ഥികൾ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തേയാക്കിയതിന് ഇലക്ഷൻ കമ്മിഷന് നന്ദി പറയുന്നവരുമുണ്ട്. നീണ്ടുപോയിരുന്നെങ്കിൽ കുത്തുപാള എടുത്തേനേ.

രണ്ട് ടേം ഭരണം ലഭിച്ചതിനാൽ ഇടതുസ്ഥാനാർത്ഥികൾക്ക് പൈസയ്ക്ക് പഞ്ഞമില്ലെന്നാണ് യു.ഡി.എഫുകാരുടെ ആരോപണം. ബാർ പ്രവർത്തന സമയം നട്ടപ്പാതിര വരെ ആക്കിയതിന്റെ നേട്ടവും ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കാണെന്നും ഭരണംകിട്ടുക കയ്യാലപ്പുറത്തായതിനാൽ തങ്ങൾക്കാരും ഫണ്ട് തരില്ലെന്നുമുള്ള പരിദേവനത്തിലാണ് കോൺഗ്രസുകാർ. കേന്ദ്ര ഭരണമുള്ളതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ഫണ്ട് ലഭിക്കും. കൂപ്പൺ അടിച്ചുള്ള പിരിവേയുള്ളൂവെന്നും ബാർ മുതലാളുിമാരുടെ കാശൊന്നുമില്ലെന്നുമാണ് സി.പി.എം സ്ഥാനാർത്ഥികൾ പറയുന്നത്. എന്നാൽ മൂന്നു മുന്നണി സ്ഥാനാർത്ഥികളുടെയും പ്രചാരണം കൊഴുക്കുകയാണ്. യോഗത്തിന് ആളെകൂട്ടാൻ ഗാനമേളയും മറ്റു കലാപരിപാടികളും വരെയായി. ഫണ്ടില്ലാത്ത എസ്.യു.സി.ഐ സ്ഥാനാർത്ഥികൾ പാട്ടപ്പിരിവ് വഴിയാണ് ചെലവ് കാശ് കണ്ടെത്തുന്നത്.

ചുവരെഴുത്തിനും പോസ്റ്ററൊട്ടിക്കുന്നതിനും മാത്രമല്ല വീട്കയറാനും നാലക്കം തികച്ച് കൊടുക്കണം. വയർ നിറച്ചു ഭക്ഷണവും മിനുങ്ങാൻ കാശും കൊടുക്കണം. അല്ലെങ്കിൽ പ്രവർത്തകരെ കിട്ടില്ല. പാചക വാതക ക്ഷാമത്താൽ തട്ടുകടകളും ചെറുകിട ഹോട്ടലുകളും അടച്ചതോടെ ചെലവ് കുറയ്ക്കാൻ വീട്ടിൽ അടുപ്പ് കൂട്ടി ഭക്ഷണം തയ്യാറാക്കാനും പല സ്ഥാനാർത്ഥികളും തയ്യാറായിരിക്കുകയാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് കാര്യമായ പ്രചാരണമില്ല. ബോർഡും ബാനറും വാഹനങ്ങളും ഒഴിവാക്കി സൈക്കിളിലാണ് യാത്ര. മിച്ചം പിടിക്കുന്ന പണം കൊണ്ട് വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് കൊടുക്കുമെന്ന പ്രഖ്യാപനവും ചാണ്ടി നടത്തി. നേരത്തേ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പേരിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും നടത്തിയതോടെ വെറും പ്രഖ്യാപനമല്ലെന്ന് നാട്ടുകാർക്കും ബോദ്ധ്യപ്പെട്ടു. കുഞ്ഞൂഞ്ഞ് മകൻ ചാണ്ടിക്കുഞ്ഞിനെ' കണ്ടുപഠിക്കാൻ മറ്റു സ്ഥാനാർത്ഥികളെ ഉപദേശിക്കാനാണ് ചുറ്റുവട്ടത്തിന് തോന്നുന്നത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.