
മലപ്പുറം: മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ. ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നാട്ടിലെത്തിച്ച ശേഷം അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. മാർച്ച് 21ന് ഷാൻ ഷാനു എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പിന്നീട് കൂടുതൽ ദൃശ്യങ്ങളും ചിത്രങ്ങളും കാണിച്ച് ഭീഷണി മുഴക്കി. ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 15 കോടി രൂപ ആവശ്യപ്പെട്ടു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 31 മുതലാണ് ഇത്തരത്തിലുള്ള ഭീഷണി ആരംഭിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മലപ്പുറം എസ്പിക്ക് നൽകിയ പരാതി അന്വേഷണത്തിനായി പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾ ഉത്തർപ്രദേശിലുണ്ടെന്ന വിവരം ലഭിച്ച പൊലീസ്, കീഴടങ്ങിയില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ റോഷനെ റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |