കൊല്ലം: എം.സി റോഡിലെ ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടിയ യുവതിയ്ക്ക് ഓട്ടോ ഡ്രൈവർമാരുടെ സാഹസിക രക്ഷാപ്രവർത്തനത്തിൽ പുതുജീവൻ. ഏനാത്ത് പുതുശേരിഭാഗം സ്വദേശിനിയായ പത്തൊമ്പതുകാരിയാണ് രക്ഷപെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. പാലത്തിൽ നിന്നും യുവതി ചാടുന്നത് വഴിയാത്രക്കാരൻ കണ്ടു, ഇയാൾ ഏനാത്ത് ബസ് സ്റ്റോപ്പ് ഓട്ടോ സ്റ്റാൻഡിലെത്തി ഓട്ടോ ഡ്രൈവർമാരോട് പറഞ്ഞു. ഓട്ടോ ഡ്രൈവർമാരായ കുളക്കട സ്വദേശി റാഫി, മണ്ണടി സ്വദേശി സുനിൽ(ഉണ്ണി) എന്നിവർ വിവരമറിഞ്ഞ് പാഞ്ഞെത്തി. കല്ലടയാറ്റിലെ പാലം ബലപ്പെടുത്തുന്നതിന് വേണ്ടിയുള്ള തൂണുകളുമായി ബന്ധപ്പെട്ട ഇരുമ്പ് കിണറുകളിലൊന്നിന്റെ പടിയിൽ പിടിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തി. സമയം പാഴാക്കാതെ റാഫിയും സുനിലും വെള്ളത്തിലേക്ക് ചാടി, നീന്തി അടുത്തെത്തി. യുവതിയെ സാഹസികമായി തൂണിന് സമീപത്തെ ചതുപ്പ് ഭാഗത്ത് കിടത്തി. പ്രാഥമിക ശുശ്രൂഷ നൽകി. അപ്പോഴേക്കും അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് നെറ്റ് ഉപയോഗിച്ച് യുവതിയെ കരയ്ക്കെത്തിച്ചത്. അടൂർ ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ ജയ്സൺ ജോസഫും സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസഫും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |