കൊട്ടാരക്കര: നഗരസഭയുടെ അത്യാധുനികമായ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനായുള്ള പ്രാഥമിക ജോലികൾ വേഗത്തിലായി. കെട്ടിടം നിർമ്മിക്കാൻ നിശ്ചയിച്ചിട്ടുള്ള കെ.ഐ.പി വളപ്പിലെ പഴയ ക്വാർട്ടേഴ്സുകൾ പൊളിച്ചുനീക്കിത്തുടങ്ങി. പഴയ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിലുണ്ടായ കാലതാമസം കാരണമാണ് നിർമ്മാണ ജോലികൾ വൈകിയിരുന്നത്. നിലവിൽ ഇവിടുത്തെ മരങ്ങൾ മുറിച്ചുമാറ്റുകയും ഭൂമി നിരപ്പാക്കുന്ന ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതിക്ക് 10.5 കോടി രൂപ
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രത്യേക താല്പര്യപ്രകാരം അനുവദിച്ച 10.5 കോടി രൂപ ഉപയോഗിച്ചാണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. സബ് ജയിലിന് സമീപമുള്ള കെ.ഐ.പി വക 50 സെന്റ് ഭൂമിയാണ് നഗരസഭയ്ക്ക് ഇതിനായി അനുവദിച്ചു കിട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ് നഗരസഭാ മന്ദിരങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും ആകർഷകമായ രൂപഭംഗിയോടും കൂടിയാണ് പുതിയ ഓഫീസ് സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്.
ഐ.ടി പാർക്കിന് സമീപം പുതിയ കേന്ദ്രം
എം.സി റോഡിന്റെയും കൊല്ലം-തിരുമംഗലം ദേശീയപാതയുടെയും വെറും 200 മീറ്റർ ചുറ്റളവിലാണ് പുതിയ ആസ്ഥാനം വരുന്നത്. ഈ പ്രദേശത്തോട് ചേർന്നുതന്നെ ഐ.ടി പാർക്കിന്റെ നിർമ്മാണ ജോലികളും ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇതോടെ കൊട്ടാരക്കരയുടെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മന്ദിരം കൂടുതൽ കരുത്തുപകരും. തടസങ്ങളെല്ലാം നീങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |