തൊടുപുഴ:പൊതുവെ ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തിൽ തിരഞ്ഞെടുപ്പും മദ്ധ്യവേനലവധിയുമൊന്നിച്ചെത്തിയതോടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നു. കുട്ടികൾക്കൊപ്പം വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്ക് വാഹനങ്ങളിൽ എത്തുന്നവർ പാതയോരങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഒരു കാരണം. മുൻസിപ്പൽ പാർക്കിന് മുമ്പിലും അമ്പലം ബൈപ്പാസിലും ഇടുക്കി റോഡിലും മങ്ങാട്ടുകവലയിലും ഷാപ്പുംപടിയിലുമെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് 12ന് കൊടിയേറുന്നതോടെ തിരക്ക് നിയന്ത്റണാധീതമാകുമെന്നുറപ്പാണ്. പ്രധാന വ്യാപാര സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും നഗരത്തിലുള്ളിലായതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് തിരക്ക് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം. എന്നാൽ തിരക്കിനിടയിൽ കാര്യം നടത്തി മടങ്ങുന്നതിന് പകരം വാഹനങ്ങൾ പാതയോരത്ത് മണിക്കൂറുകളോളം ഒതുക്കിയിട്ട ശേഷം മറ്റ് ആവശ്യങ്ങൾക്കായി പോകുന്നതും പ്രതിസന്ധിക്ക് കാരണമാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം. അശാസ്ത്രീയമായി പാർക്കിംഗ് നടത്തുന്നവർക്കെതിരെ ട്രാഫിക് പൊലീസ് പിഴയടക്കം ചുമത്തി നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഇതൊന്നും പ്രശ്നപരിഹാരമാകുന്നില്ല. നഗരത്തിനുള്ളിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും മറ്റൊരു പ്രതിസന്ധിയാണ്. തിരക്കിനിടയിൽ ഫുട് പാത്തിലൂടെ ഇതുചക്രവാഹനങ്ങളുമായി ചിലർ സാഹസികമായി യാത്ര ചെയ്യുന്നത് പലപ്പോഴും കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്. ചിലർ തെറ്റായ ദിശയിൽ നിരനിരയായി കിടക്കുന്ന വാഹനങ്ങൾ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതും പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിന് ഇടയാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് ആവേശവും 'ബ്ലാേക്കാകുന്നു"
തിരഞ്ഞെടുപ്പ് പരിസമാപ്തിയിൽ എത്തിയതോടെ സ്ഥാനാർത്ഥി പ്രചാരണവും പര്യടന പരിപാടിയുമെല്ലാം പലപ്പോഴും തിരക്കിന് കാരണമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിയതോടെ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള വിവിധ മുന്നണികളുടെ പ്രവർത്തനങ്ങൾ ശക്തമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്ഥാനാർത്ഥികളുടെ റോഡ് ഷോയും കൊട്ടക്കലാശവുമായി ബന്ധപ്പെട്ട് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. തിങ്കളാഴ്ച എൽ.ഡി.വൈ.എഫ് പ്രവർത്തകർ നടത്തിയ ഡി.ജെ റോഡ് ഷോ പലയിടത്തും ഏറെ നേരം വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെയുന്നതിന് ഇടയാക്കി. വിവിധ മുന്നണികൾ ഇന്നലെ വൈകിട്ട് നടത്തിയ കൊട്ടിക്കലാശത്തെ തുടർന്ന് ചിലയിടങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ച് വിട്ടതും പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |