ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറുമായ കെ. ഇമ്പശേഖർ അറിയിച്ചു. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഓരോ പോളിംഗ് സ്റ്റേഷന്റെയും അകത്തും പുറത്തുമായി രണ്ടു ക്യാമറകൾ വീതം സ്ഥാപിച്ചു. കളക്ടറേറ്റിലായിരിക്കും കൺട്രോൾ റൂം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാർക്കായി റാമ്പ്, കുടിവെള്ളം, ടോയ്ലെറ്റ്, വൈദ്യുതി, കാത്തിരിപ്പ് സൗകര്യം, ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, എ.ഡി.എം ബി. ജ്യോതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.എൻ. അനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് പ്രക്രിയ പൂർത്തിയായി. സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ബാലറ്റ് ലേബലുകൾ പതിപ്പിക്കുന്നതും മെഷീനുകൾ സീൽ ചെയ്യുന്നതുമായ നടപടികൾ പൂർത്തിയാക്കിയത്.
ഹരിത പ്രോട്ടോക്കോൾ സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയിൽ 'ഹരിത വഞ്ചി', സിവിൽ സ്റ്റേഷൻ പരിസരത്ത് മാതൃകാ ഹരിത പോളിംഗ് ബൂത്ത് എന്നിവ ഒരുക്കി.
ജില്ലയിൽ പോളിംഗ് ബൂത്തുകൾ : 1898
ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകൾ : 32
തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥർ :9116
ഹോം വോട്ടിംഗ് 96%
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ ഹോം വോട്ടിംഗ് തിരഞ്ഞെടുത്ത വോട്ടർമാരിൽ 96.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളിൽ പ്രായമുള്ള 11,505 വോട്ടർമാരാണുള്ളത്. ഇതിൽ 11,102 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരായി വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ള 6,232ൽ 6,002 പേർ വോട്ട് ചെയ്തു.
പോളിംഗ് ബൂത്തുകൾ
1. അരൂർ-210
2. ചേർത്തല-230
3. ആലപ്പുഴ-219
4. അമ്പലപ്പുഴ-195
5. കുട്ടനാട്-180
6. ഹരിപ്പാട്-204
7. കായംകുളം-225
8. മാവേലിക്കര-226
9. ചെങ്ങന്നൂർ-209
വോട്ടർമാർ
ജില്ലയിൽ ആകെ വോട്ടർമാർ : 16,82,697
സ്ത്രീകൾ- 8,71,041
പുരുഷന്മാർ- 8,11,641
ട്രാൻസ്ജൻഡേഴ്സ്- 15
18-19 പ്രായക്കാരായ വോട്ടർമാർ : 17764
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |