കൊച്ചി: ഹേബിയസ് കോർപ്പസ് കേസിൽ ഹൈക്കോടതി അഗതിമന്ദിരത്തിൽ പാർപ്പിക്കാൻ വിട്ട യുവതിയെ കോടതിക്ക് മുന്നിൽ നിന്ന് ബലമായി കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച യുവാവിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പള്ളി മുതുകുളങ്ങര സ്വദേശി അനന്തുവാണ് (27) പിടിയിലായത്. വിവാഹിതയായ യുവതിയും അനന്തുവും അടുപ്പത്തിലായിരുന്നു. എറണാകുളം മറൈൻഡ്രൈവിലെ സർബത്ത് കടയിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞമാസം യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ വടക്കൻ പറവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.
ഈ കേസിൽ അനന്തുവിനെയും യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കി. യുവതി വീട്ടുകാർക്കൊപ്പം പോകാൻ തയ്യാറായില്ല. തത്ക്കാലം അഗതിമന്ദിരത്തിൽ പാർപ്പിക്കാനായിരുന്നു കോടതി ഉത്തരവ്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ച കോടതി യുവതിയെ തുടർന്നും അഗതിമന്ദിരത്തിൽ പാർപ്പിക്കാനും കൗൺസിലിംഗ് നൽകാനും ഉത്തരവിട്ടു. ഇതിനു ശേഷം യുവതിയുമായി ഉദ്യോഗസ്ഥർ കോടതിക്ക് പുറത്ത് എത്തിയപ്പോഴാണ് അനന്തു കൈയിൽ ബലമായി പിടിച്ച് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ഹൈക്കോടതി കവാടത്തിന് സമീപമുണ്ടായിരുന്ന പൊലീസുകാർ ചേർന്ന് കീഴ്പ്പെടുത്തി സെൻട്രൽ പൊലീസിന് കൈമാറി. രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |