
അടിച്ചുകേറി ഓഹരികളും സ്വർണവും
ക്രൂഡ് വിലയിൽ 17 ശതമാനം ഇടിവ്
കൊച്ചി: ഇറാനുമായി അമേരിക്ക രണ്ടാഴ്ചത്തെ വെടിനിറുത്തൽ പ്രഖ്യാപിച്ചതോടെ വിപണികളിൽ ഉത്സവാഘോഷം. തീരുമാനത്തിന് താെട്ടുപിന്നാലെ ക്രൂഡോയിൽ വില തകർന്നടിഞ്ഞതാണ് ഓഹരി, സ്വർണം വിപണികളിൽ നിക്ഷേപകർക്ക് ആവേശമായത്. ലോകമൊട്ടാകെയുള്ള ഓഹരി വിപണികൾ ഇന്നലെ കുതിച്ചുയർന്നു. ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകളും ഇന്നലെ കത്തിക്കയറി. സെൻസെക്‌സ് 2,946 പോയിന്റ് കുതിപ്പോടെ 77,562.90ൽ അവസാനിച്ചു. നിഫ്‌റ്റി 874 പോയിന്റ് നേട്ടത്തോടെ 23,997.35ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി സൂചിക നാല് ശതമാനത്തിലധികം ഉയർന്നു.
ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് നിലനിറുത്തിയതും നിക്ഷേപകർക്ക് ആവേശം പകർന്നു. റിയൽറ്റി, വാഹന, ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
നാളെ ഇറാനും അമേരിക്കയുമായി ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ ആരംഭിക്കുമെന്ന വാർത്തകളും വിപണിക്ക് കരുത്തായി. വെടിനിറുത്തൽ പ്രഖ്യാപനത്തിന് പിന്നാലെ യു.എസ് ബോണ്ടുകളും ഡോളറും ദുർബലമായതോടെ വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തി.
നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന
17 ലക്ഷം കോടി രൂപ
കുതിപ്പിന് പിന്നിൽ
1. യുദ്ധ ഭീതി ഒഴിഞ്ഞതോടെ ഇന്ധന വിപണി സാധാരണ നിലയിലേക്ക്
2. അമേരിക്കൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതോടെ രൂപയ്ക്ക് കരുത്തേറുന്നു
3. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ടുകൾ മടങ്ങിയെത്തുന്നു
4. പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്റെ ആശ്വാസ നടപടി
സ്വർണ വിലയിൽ കുതിച്ചുചാട്ടം
പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങിയതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ കുതിച്ചുചാട്ടാം. സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ സ്വർണ വില ഔൺസിന് 84 ഡോളർ ഉയർന്ന് 4,850 ഡോളറിലെത്തി. ക്രൂഡോയിൽ വില ഇടിഞ്ഞതോടെ നാണയപ്പെരുപ്പം കുറയുമെന്നതാണ് നിക്ഷേപകർക്ക് ആവേശമായത്. ഇതോടെ പലിശ നിരക്ക് കുറയുമെന്നതിനാൽ സ്വർണത്തിന് അനുകൂലം. കേരളത്തിൽ ഇന്നലെ പവൻ വില 2,920 ഉയർന്ന് 1,12,800 രൂപയിലെത്തി. ഗ്രാമിന്റെ വില 365 രൂപ കുതിച്ച് 14,100 രൂപയിലെത്തി.
കരുത്തുകാട്ടി രൂപ
പശ്ചിമേഷ്യയിലെ സമാധാനവും റിസർവ് ബാങ്ക് ധന നയവും രൂപയുടെ മൂല്യത്തിൽ ഇന്നലെ കുതിപ്പുണ്ടാക്കി. ഡോളറിനെതിരെ രൂപ 47 പൈസയുടെ നേട്ടവുമായി 92.51ൽ വ്യാപാരം പൂർത്തിയാക്കി. വിദേശ നാണയ വിപണിയിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാവില്ലെന്ന റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ പ്രഖ്യാപനവും രൂപയ്ക്ക് കരുത്തായി.
ക്രൂഡോയിൽ വില തകർന്നടിഞ്ഞു
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിൽ നിന്ന് 94 ഡോളറിലേക്ക് താഴ്ന്നു. യു.എസ് ക്രൂഡിന്റെ വില 17 ശതമാനം ഇടിഞ്ഞ് 95 ഡോളറിലെത്തി. ഹോർമുസ് തുറക്കുന്നതോടെ ഗൾഫ് മേഖലയിൽ ഉത്പാദനം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വിലത്തകർച്ച സൃഷ്‌ടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |