SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.14 PM IST

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ യുവാക്കളുടെ അതിക്രമം

കൊച്ചി: എറണാകുളം നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കാർ യാത്രക്കാരായ യുവാക്കളുടെ അതിക്രമം. പാലാരിവട്ടം മുതൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ ഡ്രൈവറെ കൈയേറ്റം ചെയ്യാനും അസഭ്യം പറയാനും നടത്തിയ ശ്രമം ബസ് യാത്രക്കാരുടെ പ്രതിഷേധത്തിൽ കലാശിച്ചു.

ഇന്നലെ രാവിലെ 11.20ന് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളം ഭാഗത്തേക്ക് പോയ കോതമംഗലം ഡിപ്പോയിലെ ബസിനെയാണ് യുവാക്കൾ പാലാരിവട്ടം ഭാഗത്ത് തടഞ്ഞത്. സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി മുന്നോട്ട് എടുത്ത ബസ് പിന്നിൽ വന്ന കാറിനെ ഉരസുന്ന രീതിയിൽ നീങ്ങിയെന്നും സൈഡ് നൽകിയില്ലെന്നും ആരോപിച്ചായിരുന്നു യുവാക്കളുടെ പ്രകടനം. റോഡിന് കുറുകെ കാർ നിറുത്തി ബസ് തടഞ്ഞു. നടുറോഡിൽ ബ്രേക്കിട്ട് കാർ നിറുത്തുന്നതിനിടെ കൂട്ടിയിടി ഒഴിവാക്കാൻ ബസ് ചവിട്ടിനിർത്തി. കാറിന് പിന്നിൽ തട്ടിയുരഞ്ഞാണ് ബസ് നിന്നത്.

കാറിന്റെ ഡ്രൈവറും സഹയാത്രികനും ബസിൽ കയറി ഡ്രൈവറെ അസഭ്യം പറഞ്ഞു. ഇതിനെ ബസ് യാത്രക്കാർ എതിർത്തു. പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. കണ്ടക്ടർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചതോടെയാണ് യുവാക്കൾ കാർ മാറ്റിയത്.

തൊട്ടടുത്ത സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുന്നതിനിടെ കാറിലുണ്ടായിരുന്ന യുവാവ് ബസിൽ കയറി എറണാകുളത്തേക്ക് ടിക്കറ്റ് എടുത്തു. ഒപ്പമുണ്ടായിരുന്ന യുവാവ് കാറിൽ പിന്തുടരുകയും ചെയ്തു. ഡിപ്പോയിലെത്തിയപ്പോൾ ഇരുവരും ഓപ്പറേറ്റിംഗ് സെന്ററിലെത്തി ജീവനക്കാരോട് തട്ടിക്കയറി. ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ യുവാക്കളെ നിയമവശങ്ങൾ ബോദ്ധ്യപ്പെടുത്തിയതോടെ ഇരുവരും സ്ഥലംവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY