കൊല്ലം: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, വിപണി സജീവമായി. പതിവുപോലെ ഇത്തവണയും കൃഷ്ണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അന്യസംസ്ഥാന സംഘങ്ങൾ ആഴ്ചകൾക്ക് മുമ്പേ കൃഷ്ണ വിഗ്രഹങ്ങളുമായി നഗരത്തിൽ തമ്പടിച്ചുകഴിഞ്ഞു.
പ്ലാസ്റ്റർ ഒഫ് പാരീസ്, വൈറ്റ് സിമന്റ്, ഫൈബർ, കളിമണ്ണ്, മാർബിൾ, പോളി-റെസിൻ, പേപ്പർ പൾപ്പ്, പിച്ചള എന്നിവ കൊണ്ട് നിർമ്മിച്ച പ്രതിമകളാണ് വിൽപ്പനയ്ക്കെത്തിയിരിക്കുന്നത്. 250 മുതൽ 2000 രൂപ വരെയാണ് വില. വിഗ്രഹത്തിന്റെ വലിപ്പത്തിന് അനുസരിച്ചാണ് വില. കൂടാതെ ഇവയുടെ നിർമ്മാണത്തിൽ വിവിധ മെറ്റീരിയലുകൾ ഉൾപ്പെടുന്നതുകൊണ്ടുതന്നെ അവയ്ക്കനുസരിച്ച് വില മാറും.
ചെറിയ വിഗ്രഹങ്ങൾക്ക് കുറഞ്ഞത് 250 രൂപയാണ് വില. കൃഷ്ണ വിഗ്രഹങ്ങളിൽ പല ഭാവങ്ങളിലുണ്ട്. ഓടക്കുഴൽ വായിക്കുന്നത്, രാധയ്ക്കൊപ്പമുള്ളത്, കാലികളെ മേയ്ക്കുന്നത് എന്നിങ്ങനെ പല തരത്തിലാണ് വിഗ്രഹങ്ങൾ. മുട്ടിലിഴഞ്ഞ് വെണ്ണയുരുളയുമായി ഇരിക്കുന്ന കൃഷ്ണനും ഓടക്കുഴലൂതുന്ന കൃഷ്ണനുമാണ് കൂടുതലായുള്ളത്. വാൽക്കണ്ണാടിയും ഓടക്കുഴലും തുടങ്ങി വിഷുവിനെ വരവേൽക്കാനുള്ളതെല്ലാം വിപണിയിൽ ലഭ്യമാണ്. ചൂടിനെപ്പോലും മറികടന്നാണ് വഴിയോരത്തെ കൃഷ്ണവിഗ്രഹ കച്ചവടം.
വെള്ളരി മുതൽ വാൽക്കണ്ണാടി വരെ
കണിവെള്ളരിയടക്കമുള്ള പച്ചക്കറികൾ ചന്തകളിലെത്തിത്തുടങ്ങി
സ്വർണ വർണമുള്ള വെള്ളരിക്കാണ് ഡിമാൻഡ്
ഇവയ്ക്കൊപ്പം ചെറിയ മത്തങ്ങ, ചക്ക, മാങ്ങ എന്നിവയ്ക്കും ആവശ്യക്കാർ
വിഷു അടുക്കുന്നതോടെ പച്ചക്കറിക്ക് വിലകൂടാൻ സാദ്ധ്യത
കൊന്നപ്പൂക്കൾ വിഷുവിന് തലേ ദിവസമാണ് വിപണിയിലെത്തുക
പ്ലാസ്റ്റിക്കിലും തുണിയിലും തീർത്ത കൊന്നപ്പൂക്കൾ കടകളിലെത്തി
തുണി കൊണ്ടുള്ള കൊന്നപ്പൂക്കൾക്ക് പ്രിയം കൂടുതൽ
ഒരുതണ്ട് കൊന്നപ്പൂവിന് 30 രൂപ മുതലാണ് വില
ഓട്ടുരുളി, കസവ് മുണ്ട്, വാൽക്കണ്ണാടി എന്നിവയ്ക്കും ആവശ്യക്കാർ ധാരാളം
വിഷു അടുത്തതോടെ തുണിക്കടകളിലും വിഷുക്കച്ചവടം സജീവമാണ്. കണിക്കൊന്നയുടെയും മയിൽപ്പീലിയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും വിപണിയിലെത്തിയിട്ടുണ്ട്.
വ്യാപാരികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |