
പൊലീസ് അന്വേഷണം തുടങ്ങി
പാറശാല: യുവാവിനെ വീടിന് സമീപം ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി. ഈസ്റ്ററിന് തലേദിവസം പരശുവയ്ക്കൽ പണ്ടാരക്കോണം കുന്നുവിള വീട്ടിൽ റിനോയെയാണ് (32) പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. റിനോ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.സംഭവ ദിവസം സമീപത്തുള്ള സഹോദരന്റെ വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഈസ്റ്റർ ആഘോഷിച്ചിരുന്നു. തുടർന്ന് രാത്രി 10ഓടെ സുഹൃത്തുക്കൾ സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തുപോയി.
അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് മുഖത്ത് ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയിൽ വീടിന് മുന്നിൽ കിടക്കുന്ന റിനോയെ കണ്ടത്.തുടർന്ന് ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി.ടെറസിൽ നിന്ന് വീണ് പരിക്കേറ്റതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ വൈദ്യ പരിശോധനയിൽ പരിക്കുകൾ വീഴ്ച കാരണം സംഭവിച്ചതല്ലെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം.
റിനോയുടെ മുഖത്തും തലയിലും കഴുത്തിലുമാണ് ഗുരുതര പരിക്ക്.മുഖത്തെ എല്ലുകൾ തകർന്ന നിലയിലുമാണ്.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ പരിക്കില്ല.വീടിന് മുകളിൽ നിന്ന് വീണാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതര പരിക്കിന് സാദ്ധ്യതയുണ്ട്.അതുകൊണ്ടാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.നിലവിൽ റിനോ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.വിവിധ കേസുകളിലുൾപ്പെട്ട ഇയാളെ മറ്റ് ക്രിമിനൽ സംഘങ്ങൾ ആക്രമിച്ചതാണോ എന്ന സംശയവും നിലനിൽക്കുന്നു.പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |