താത്കാലിക പ്രവർത്തനത്തിന് നൽകിയ ഓഫീസും ഒഴിയണം
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വളപ്പിൽ നിന്ന് ആർ.എം.എസിനെ (റെയിൽവേ മെയിൽ സർവീസ്) പുകച്ച് ചാടിക്കുമെന്ന വാശിയിൽ റെയിൽവേ നീക്കം തുടരുന്നു. താത്കാലികമായി പ്രവർത്തിക്കാൻ ഒരുമാസം മുൻപ് നൽകിയ പഴയ പാഴ്സൽ ഓഫീസ് കെട്ടിടം ഒഴിഞ്ഞുനൽകണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു.
റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്രവേശന കവാടത്തിലെ കെട്ടിട സമുച്ചയത്തിന്റെ ആറാം ബ്ലോക്ക് നിർമ്മാണത്തിനാണ്, ആർ.എം.എസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിയാൻ നേരത്തെ ആവശ്യപ്പെട്ടത്. രണ്ടു കോടിയോളം രൂപയാണ് ഇത്രനാൾ പ്രവർത്തിച്ച വകയിൽ തപാൽ വകുപ്പ് റെയിൽവേയ്ക്ക് നൽകേണ്ടത്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി ആർ.എം.എസ് പ്രവർത്തനത്തിന് പുതിയ കെട്ടിടം റെയിൽവേ നിർമ്മിച്ചിരുന്നു. എന്നാൽ കുടിശ്ശിക തുക നൽകാതെ ഈ കെട്ടിടം കൈമാറാൻ കഴിയില്ലെന്ന നിലപാടിലായി റെയിൽവേ.
ഇതിൽ പ്രതിഷേധം ശക്തമായതോടെ തൊട്ടടുത്തുള്ള പഴയ പാഴ്സൽ ഓഫീസ് കെട്ടിടം വിട്ടുനൽകുകയായിരുന്നു. ആറാം ബ്ലോക്കിന്റെ നിർമ്മാണത്തിനായി ഈ കെട്ടിടവും പൊളിക്കണമെന്നാണ് റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗത്തിന്റെ ഇപ്പോഴത്തെ നിലപാട്.
പഴയ പാഴ്സൽ ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്ന ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങളൊന്നുമില്ല. എന്നാൽ ആറാം ബ്ലോക്കിന്റെ നിർമ്മാണത്തിനായി പൈലിംഗ് നടത്തുമ്പോൾ പഴക്കമുള്ള കെട്ടിടം പൊളിയാൻ സാദ്ധ്യതയുണ്ടെന്നാണ് റെയിൽവേയുടെ നിലപാട്.
ആറാം ബ്ലോക്ക് സ്തംഭനത്തിൽ
ആർ.എം.എസിന് സ്ഥലം കണ്ടെത്തി നൽകാത്തതിനാൽ പ്രധാന സമുച്ചയത്തിലെ ആറാം ബ്ലോക്കിന്റെ നിർമ്മാണം ഒരുമാസമായി സ്തംഭനത്തിലാണ്. മഴയ്ക്ക് മുൻപു തന്നെ എഫ് ബ്ലോക്കിന്റെ പൈലിംഗ് പൂർത്തിയാക്കി പൈൽ ക്യാപ്പുകൾ നിർമ്മിക്കണം. കടൽ അടുത്തായതിനാൽ മഴക്കാലത്ത് ചെറിയ ആഴത്തിൽ തന്നെ ശക്തമായ ഊറ്റുണ്ട്. അതുകൊണ്ട് പൈലിംഗിന് വേനൽ വരെ കാത്തിരിക്കണം.
...................................
ആർ.എം.എസിന് വാടക കുടിശ്ശിക രണ്ട് കോടിയിലേറെ
വാടക നിരക്കിലെ തർക്കമാണ് പ്രശ്നമെന്ന് പോസ്റ്റൽ വകുപ്പ്
ആർ.എം.എസിനായി നിർമ്മിച്ച പുതിയ കെട്ടിടവും റെയിൽവേ നൽകുന്നില്ല
സ്റ്റേഷന് പുറത്ത് പോകുന്നത് തപാൽ നീക്കത്തിന്റെ സുരക്ഷയെ ബാധിക്കും
പരീക്ഷക്കടലാസുകൾ അടക്കം കൈകാര്യം ചെയ്യുന്നു
പ്രശ്നപരിഹാരത്തിന് ചർച്ച പുരോഗമിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |