SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.59 PM IST

മനം നിറഞ്ഞ് നാട്: കൊല്ലം പൊടിപൂരം

Increase Font Size Decrease Font Size Print Page

കൊല്ലം: പൂരാവേശത്തിൽ ആശ്രാമം മൈതാനത്ത് ജനസമുദ്രത്തിന്റെ ഹർഷാരവം. തലയെടുപ്പുള്ള ഗജവീരന്മാരും കൊട്ടിത്തഴമ്പിച്ച വാദ്യകലാകാരന്മാരും സമ്മേളിച്ചതോടെ പൂരം പൊടിപൂരമായി. താമരക്കുളം മഹാഗണപതിയുടെ തിടമ്പേറ്രിയ ഗുരുജിയിൽ ശിവനാരായണനും പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റിയ പുത്തൻകുളം അനന്തപത്മനാഭനും സന്ധ്യയ്ക്ക് 7.15 കഴിഞ്ഞതോടെ ആശ്രാമം മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ മണൽത്തട്ടിൽ മുഖാമുഖം അണിനിരന്ന് പരസ്പരം പ്രണമിച്ചു. രണ്ടുപേരുടെയും ഇടം, വലമായി മറ്റ് ഗജവീരന്മാരും അണിനിരന്നു. താമരക്കുളവും പുതിയകാവും വിസ്മയക്കുടകളുടെ കലവറ തുറന്നതോടെ ആരവം തിരയടിച്ചുയർന്നു. ഇരുപക്ഷവും കുടമാറ്റത്തിന് തയ്യാറാണെന്ന് അറിയിച്ച് പുതിയക്കാവ് ഭഗവതി എന്നെഴുതിയ ഉദയസൂര്യന്റെ കുടയും തിടമ്പേറ്റിയ പുത്തൻകുളം അനന്തപത്മനാഭൻ കൊടിമരവും ഉയർത്തി. തുടർന്ന് കുടമാറ്റം വർണങ്ങളുടെ നീരാട്ടിലലിഞ്ഞു. വെഞ്ചാമരവും ആലവട്ടവും സുന്ദര നിമിഷങ്ങളെ കൂടുതൽ വർണാഭമാക്കി.

കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാരും തൃക്കടവൂർ അഖിലും മേള പ്രമാണിമാരായി മേളക്കാർ ഇരുപക്ഷത്തും കൊട്ടിക്കയറി. പാണ്ടി മേളം മുറുകും തോറും ആവേശം അണപൊട്ടി. ആകാശത്തേക്ക് കൈയെറിഞ്ഞും, മേളപ്പെരുക്കത്തിനിടയിൽ ആരവം മുഴക്കിയും ആയിരങ്ങൾ വാദ്യകലാകാരന്മാർക്ക് ആവേശം പകർന്നു. മണിക്കൂറുകൾ നീണ്ട കുടമാറ്റത്തിനൊടുവിൽ താമരക്കുളം ശ്രീ മഹാഗണപതിയും പുതിയകാവ് ശ്രീഭഗവതിയും ചിന്നക്കട സർക്കിളിലെത്തി അടുത്ത വർഷം കാണാമെന്ന ഉപചാരം ചൊല്ലിപ്പിരിഞ്ഞു. ഭഗവതിയും മഹാഗണപതിയും പറയാതെ പറഞ്ഞതും പൂരപ്രേമികൾ പരസ്പരം പറഞ്ഞതും ഒരേകാര്യം ' ഇനി അടുത്ത പൂരത്തിനു കാണാം'




ആവേശമായി ആൽത്തറമേളം
രാവിലെ മുതൽ തന്നെ ഇരട്ടക്കുളങ്ങര ശ്രീമഹാവിഷ്ണുവും കോയിക്കൽ ശ്രീകണ്ഠൻ ശാസ്താവും തുമ്പറ ശ്രീഭദ്രാ- ദുർഗാദേവിമാരും ഉളിയക്കോവിൽ ശ്രീ ദുർഗാദേവിയും ഉളിയക്കോവിൽ കണ്ണമത്ത് ശ്രീ ഭദ്രാദേവിയും കടപ്പാക്കട ശ്രീ ധർമ്മശാസ്താവും ശ്രീനാരായണപുരം സുബ്രഹ്മണ്യ സ്വാമിയും ശങ്കരകുമാരപുരം ശ്രീ സുബ്രഹ്മണ്യ സ്വാമിയും പടിഞ്ഞാറെ പുതുപ്പള്ളി ശ്രീ മാടൻ സ്വാമിയും ആശ്രാമം ശ്രീ മുനീശ്വര സ്വാമിയും കുന്നിൽകാവിൽ ശ്രീദേവിയമ്മയും ആശ്രാമം ശ്രീ മാരിയമ്മയും ശെൽവ മഹാഗണപതിയും വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ചെറുപൂരങ്ങളായി
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് ആചാര പ്രസിദ്ധവും ആനപ്രേമികളുടെ ഹൃദയം കുളിർപ്പിക്കുന്നതുമായ ആനനീരാട്ടും ആനഊട്ടും നടന്നു.

ആൽത്തറമേളം തുടങ്ങും മുമ്പേ ക്ഷേത്ര പരിസരം ജനസാഗരമായി. ഇരുന്നൂറോളം കലാകാരന്മാർ പഞ്ചാരിമേളം കൊട്ടിക്കയറിപ്പോൾ എങ്ങും ആവേശം അലതല്ലി. കൊടിയിറക്കിയ ശേഷം ആറാട്ട് പുറപ്പാടിനായി ഭഗവാന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു എഴുന്നെള്ളി. വണ്ടിക്കുതിരകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാന് മുന്നിലെത്തി. ഒപ്പം തന്നെ താമരക്കുളം മഹാഗണപതിയുടെ തിടമ്പേറ്രിയ ഗുരുജിയിൽ ശിവനാരായണനും പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റിയ പുത്തൻകുളം അനന്തപത്മനാഭനും എത്തി. തുടർന്ന് തിരുമുന്നിൽ ഇരുഭാഗത്തുമായി ഏഴ് ആനകൾ വീതം നിരന്നു ക്ഷേത്രാങ്കണത്ത് തിരുമുമ്പിൽ കുടമാറ്റം നടന്നു. തുടർന്ന് ഭഗവാന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജുവിന് ഇരുവശത്തുമായി താമരക്കുളം മഹാഗണപതിയുടെ തിടമ്പേറ്രിയ ഗുരുജിയിൽ ശിവനാരായണനും പുതിയകാവ് ഭഗവതിയുടെ തിടമ്പേറ്റിയ പുത്തൻകുളം അനന്തപത്മനാഭനും നിന്ന് ആറാട്ട് പുറപ്പെട്ടു. ശ്രീകൃഷ്ണന്റെ തിടമ്പേറ്റിയ തൃക്കടവൂർ ശിവരാജു ആറാട്ടുകുളത്തിലെത്തി നിലയുറപ്പിച്ചു. മറ്റ് ആനകൾ പൂരപ്പറമ്പിലേക്ക്. അതിന് മുമ്പ് മഴ ചാറിയെങ്കിലും ഉടൻ മാറി.



ആഘോഷങ്ങൾ ഒന്നിച്ച് കൊണ്ടാടാവുന്ന

സംസ്ഥാനം: കെ.എൻ.ബാലഗോപാൽ
ജാതി-മത ഭേദമന്യേ എല്ലാവർക്കും ഒന്നിച്ച് ആഘോഷങ്ങൾ കൊണ്ടാടാവുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കൊല്ലം പൂരത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂരം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വ. വിജയചന്ദ്രൻ അദ്ധ്യക്ഷനായി. മാദ്ധ്യമ പുരസ്കാരങ്ങൾ മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിച്ചു. മേയർ എ.കെ.ഹഫീസ്, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.രാജു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, ജില്ലാ പൊലീസ് മേധാവി എം.ഹേമലത, ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ.ഉദയസുകുമാരൻ, നഗരവികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുരുവിള ജോസഫ്, കൗൺസിലർമാരായ അഡ്വ.സി.സുരേഷ് കുമാർ, ടി.ആർ അഭിലാഷ്, മുൻ മേയർ ഹണി ബഞ്ചമിൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കൊല്ലം ഡി.സി.സി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ.സൈജു അരമന, ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, വൈസ് പ്രസിഡ്ന്റ് ബി.രാജീവ്, പൂരം കമ്മിറ്രി രക്ഷാധികാരി പി.സുന്ദരൻ, താമരക്കുളം ശ്രീമഹാഗണപതി ക്ഷേത്രം പ്രസിഡന്റ് വൈ.എസ്.പ്രകാശ്, പുതിയകാവ് ദേവീക്ഷേത്രം പ്രസിഡന്റ് ഡോ. ജി.മോഹൻ കൊല്ലം സുപ്രീം എം.ഡി അഡ്വ. ഷിബുപ്രഭാകരൻ, ബൈജു ശാന്ത തുടങ്ങിയവർ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് ബി.സുരേഷ് സ്വാഗതവും സെക്രട്ടറി എം.അനിൽകുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.