കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ അഭയം നൽകിയിരുന്ന കെനിയൻ സ്വദേശികളെ ജന്മനാട്ടിലേക്ക് മടക്കിഅയച്ചു.
തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലെ വനിതാസെല്ലിൽ നിന്ന് കെനിയയിലെ ബംഗാമ സ്വദേശിനികളായ പമേല നഫൂനാ സിറ്റാറ്റി (32), എഗ്ലെ ഒക്കുടോയ് ഇമ്പായി (30), എല്ലിജോയ് കരീമി (40), കാതറിൻ ഞെരി (38) എന്നിവരെയാണ് കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരി മുതൽ ഷെൽട്ടർ ഹോമിൽ സംരക്ഷിച്ചുന്നിരുന്നത്.
കെനിയയിൽ റെസ്റ്റോറന്റ് ബിസിനസും മേക്കപ്പ് ആർട്ടിസ്റ്റുമായ ഇവർ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് കൊച്ചി ഇടപ്പള്ളിയിൽ എത്തിയത്. ഇടപ്പള്ളിയിലെ ഒരു വീട്ടിൽ താമസിച്ച് നാട് ചുറ്റിക്കാണുന്നതിനിടെ ഇവരുടെ പാസ്‌പോർട്ടും വിസയും കാലഹരണപ്പെട്ടു. വിസ പുതുക്കുന്നതുവരെ ഗാന്ധിഭവനിൽ താത്കാലിക സംരക്ഷണം നൽകാൻ കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ടിന്റെ കത്തുമായി എറണാകുളത്തെയും വിയ്യൂരിലെയും ചേരാനല്ലൂരിലെയും പൊലീസ് ഉദ്യോഗസ്ഥരാണ് കെനിയൻ സ്വദേശിനികളെ ഗാന്ധിഭവനിലെത്തിച്ചത്. ഗാന്ധിഭവനിലെ വ്യത്യസ്ഥ സാഹചര്യം അവർക്ക് അത്ഭുതവും പുതുമയുമായിരുന്നു.
ആയിരത്തി അഞ്ഞൂറോളം പേർക്ക് അഭയം നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടുകുടുംബത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ സ്വദേശത്ത് പോയി ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു അവർ. ഗാന്ധിഭവന്റെ സാരഥി പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ ഇവരെ യാത്രയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |