
ചൂണ്ടൽ : പുതുശ്ശേരി ചെമ്മന്തിട്ട സ്വദേശികളായ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശികളായ അതുൽ കൃഷ്ണ (28), ഗോകുൽ പ്രസാദ് (21), അജ്മൽ (30), കാണിപ്പയ്യൂർ സ്വദേശി മേജോ (34) എന്നിവരാണ് അറസ്റ്റിലായത്. ഹനീഷ്, ഹരീഷ്, അഖിൽ, സജിലേഷ് എന്നിവരെയാണ് പ്രതികൾ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെ പരാതിക്കാരനായ ഹനീഷിന്റെ വീടിന് സമീപത്തായിരുന്നു സംഭവം.
പ്രതികൾ ഹനീഷിന്റെ വീടിന് പിന്നിലെ പാടത്തിരുന്ന് മദ്യപിക്കുകയും പടക്കം പൊട്ടിച്ച് ബഹളം വെക്കുകയും ചെയ്തത് ഹനീഷ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. അസഭ്യം പറഞ്ഞുകൊണ്ട് എത്തിയ പ്രതികൾ ഹനീഷിനെയും സുഹൃത്തുക്കളെയും കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതിയായ മേജോ ഇരുമ്പ് വടികൊണ്ട് ഹനീഷിന്റെ തലയ്ക്ക് അടിച്ചു. തല വെട്ടിച്ചു മാറ്റിയതിനാൽ ഹനീഷിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റവർ കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സ തേടി. സബ് ഇൻസ്‌പെക്ടർമാരായ ശരത്ത് സോമൻ, ജിതിൻ വാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജിൻ പോൾ, സിവിൽ പൊലീസ് ഓഫീസർമാരായ ഷെഫീഖ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ക്യാപ്ഷൻ.
യുവാക്കളെ ആക്രമിച്ച കേസിൽ നാല് പ്രതികൾ പൊലീസ് പിടിയിലായപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |