
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന മരട് ടി.വി ജംഗ്ഷന് സമീപം ഇക്കരത്തുണ്ടിൽ സോമരാജനാണ് (30) പിടിയിലായത്. വളന്തക്കാട് ഭാഗത്ത് നിന്ന് മരട് എസ്.എച്ച്.ഒ എ.മനാഫിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. മറ്റ് പ്രതികളായ മരട് മാർട്ടിൻപുരം പവിത്രംവീട്ടിൽ നിവേദ് (25), മരട് പി.വി.കെ തമ്പി റോഡ് ഇല്ലത്ത് പറമ്പിൽ അക്ഷയ് മനോജ് (20) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നോട്ടീസ് വിതരണത്തിന് പോയ ബി.ജെ.പി മരട് ഏരിയാ പ്രസിഡന്റ് എ.ബി. മനോജ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. സുജിത്ത് എന്നിവർക്ക് നേരെ മാർച്ച് 25ന് രാത്രി പി.വി.കെ തമ്പി റോഡിൽ വച്ചായിരുന്നു ആക്രമണം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തി അസഭ്യം ചൊരിയുകയും മനോജിന്റെ തലയിലും വയറ്റത്തും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സുജിത്തിനും മർദ്ദനമേറ്റു.
മദ്യലഹരിയിലായിരുന്നു ആക്രണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സോമരാജ് കാപ്പ ചുമത്തപ്പെട്ട് നാടുകടത്തപ്പെട്ട ഗുണ്ടയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ അഗസ്റ്റസ് സാന്റേ, സി.പി.ഒമാരായ മഹേഷ്, തനീബ്, പസൽ എന്നിവരും ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |