തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഒരു കിലോ സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥ അടക്കമുള്ള പ്രതികൾക്ക് തടവുശിക്ഷ. കസ്റ്റംസ് ഹവിൽദാറും തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ റാണി മോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗറിൽ സബീർ അബ്ദുൾ കരീം എന്നിവർക്കാണ് ശിക്ഷ. വിവിധ വകുപ്പുകളിലായി റാണി മോൾക്ക് 11 വർഷം കഠിന തടവും 1,40,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി സബീർ അബ്ദുൾ കരീമിന് ഏഴ് വർഷം കഠിന തടവും 90,000 രൂപ പിഴയുമാണ് ശിക്ഷ. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ.എസ്. രാജീവാണ് പ്രതികളെ ശിക്ഷിച്ചത്.
2018 മാർച്ച് 10 ന് രാവിലെ 8.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സിന്റെ ദുബായ് വിമാനത്തിലാണ് സബീർ ഒരു കിലോ സ്വർണം കൊണ്ടുവന്നത്. മെറ്റൽ ഡിറ്റക്ടർ മുഖേനയുളള കസ്റ്റംസ് പരിശോധനയ്ക്ക് വിധേയനാകുന്നതിന് മുൻപ് സബീർ സ്വർണം റാണി മോളെ ഏൽപ്പിച്ചു. പരിശോധന നടത്താതെ റാണിമോൾ സ്വർണം സബീറിന് കൈമാറുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് ടി.എസ്. സഞ്ജീവിന്റെ പിടിയിലായി. റാണി മോളെ രക്ഷിക്കാൻ സബീറിൽ നിന്ന് നേരിട്ട് സ്വർണം പിടിച്ചതായി രേഖകളുണ്ടാക്കി. സി.ബി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സത്യം തെളിഞ്ഞത്. ടി.എസ്. സഞ്ജീവിനെ അടക്കം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പ് സാക്ഷിയാക്കി. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകനായ ഷാ ദാസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |