കിലോയ്ക്ക് രണ്ടിരട്ടിയിലേറെ വില വർദ്ധന
കൊല്ലം: ദാഹശമന വിപണിയിൽ തിരക്കേറിയതോടെ ചെറു നാരങ്ങയ്ക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 60 രൂപയിൽ ചാഞ്ചാടി നിന്നിരുന്ന വില 160- 200 വരെയെത്തി. ചൂട് വർദ്ധിച്ചതോടെ ദാഹശമനികൾക്കായി നാരങ്ങയുടെ ആവശ്യം ഏറുകയും എന്നാൽ വിപണിയിലേക്കുള്ള വരവ് കുറയുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈ കുതിച്ചു ചാട്ടത്തിന് കാരണമായത്.
നാരങ്ങയുടെ ഹോൾസെയിൽ നിരക്ക് നിലവിൽ ക്വിന്റലിന് 15,400 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ നാരങ്ങ കൃഷി കുറവായതിനാൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള നാരങ്ങയാണ് പ്രധാനമായും വിപണിയിലെത്തുന്നത്. നിലവിൽ ഇവിടങ്ങളിൽ നിന്നുള്ള വരവിലും വലിയ ഇടിവുണ്ട്. നോമ്പ് കാലത്ത് തുടങ്ങിയ ഡിമാൻഡ് വേനൽ കടുത്തതോടെ ഇരട്ടിയാവുകയായിരുന്നു. വരും ദിവസങ്ങളിലും ചൂട് തുടരാൻ സാദ്ധ്യതയുള്ളതിനാൽ വില ഉയർന്ന നിലയിൽ തുടരാനാണ് സാദ്ധ്യത.
വില തിളയ്ക്കുന്നു
നാരങ്ങയുടെ വില കുതിച്ചുയർന്നതോടെ ബേക്കറികളിലും ശീതളപാനീയ കടകളിലും പാനീയങ്ങൾക്ക് വില വർദ്ധിപ്പിച്ചു. സോഡാ നാരങ്ങ, ഫ്രഷ് ലൈം, നാരങ്ങാവെള്ളം എന്നിവയ്ക്ക് അഞ്ചു രൂപ വീതമാണ് വർദ്ധിച്ചത്. നാരങ്ങയ്ക്ക് പുറമെ തണ്ണിമത്തൻ, പൈനാപ്പിൾ, മൊസാമ്പി എന്നിവയ്ക്കും വിപണിയിൽ വില കൂടിയിട്ടുണ്ട്. കിലോയ്ക്ക് 35 മുതൽ 40 രൂപ വരെയാണ് തണ്ണിമത്തന്റെ ചില്ലറ വില. തണ്ണിമത്തൻ ജ്യൂസിന് 20 മുതൽ 40 രൂപ വരെ അധികം നൽകേണ്ട അവസ്ഥയായി.
ലഭ്യതക്കുറവും ഡിമാൻഡ് കൂടിയതുമാണ് ചെറുനാരങ്ങയുടെ വില ഉയരാൻ കാരണമായത്
ബിജു, വ്യാപാരി, കൊട്ടാരക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |