കൊച്ചി: ഇന്നലെ വൈകിട്ടുണ്ടായ മഴയിലും ശക്തമായ കാറ്റിലും ജില്ലയുടെ മിക്ക ഭാഗങ്ങളിലും മരങ്ങൾ കടപുഴകിയും ഒടിഞ്ഞ് വീണും വ്യാപക നാശം. കെ.എസ്.ഇ.ബി ലൈനുകൾ തകർന്ന് വൈദ്യുതി തടസപ്പെട്ടു. രാത്രി വൈകിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു. പലയിടത്തും പരസ്യബോർഡുകളും ഫ്ലെക്സ്ബോർഡുകളും നിലംപതിച്ചു. വൈപ്പിൻ കാളമുക്ക് ജംഗ്ഷനിൽ അപകടനിലയിൽ നിന്ന മംഗളവനത്തിന്റെ പരസ്യബോർഡ് ഫയർഫോഴ്സ് ഇളക്കി മാറ്റി.
ഏലൂർ മേഖലയിൽ കിഴക്കേ കടുങ്ങല്ലൂർ, പടിഞ്ഞാറെ കടുങ്ങല്ലൂർ, ഏലൂക്കര ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. ഏലൂർ ഡിപ്പോ റോഡിലും മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി തടസം നേരിട്ടു. ഫയർഫോഴ്സും കെ.എസ്.ഇ.ബി അധികൃതരും മരങ്ങൾ മുറിച്ചുമാറ്റാൻ ശ്രമം തുടരുന്നു.
എറണാകുളം നഗരത്തിന്റെ വിവിധഭാഗങ്ങളിൽ റോഡുകളിലേക്ക് മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. എം.ജി റോഡിൽ കൊച്ചി കപ്പൽശാലയ്ക്ക് സമീപം റോഡിലേക്ക് വീണ മരം ക്ലബ് റോഡ് ഫയർഫോഴ്സ് സേനാംഗങ്ങളെത്തി നീക്കി. എം.ജി റോഡിനോട് ചേർന്ന് രവിപുരം ആലപ്പാട്ട് ഇടറോഡിൽ തെങ്ങ് ഒടിഞ്ഞു വീണു. വടുതല ബോട്ട് ജെട്ടിക്ക് സമീപം സെന്റ് റാഫേൽ പള്ളിവളപ്പിൽ നിന്നിരുന്ന മരം റോഡിലേക്ക് വീണു.
അലക്സാണ്ടർ പറമ്പിത്തറ റോഡിൽ അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റ്, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം മേനോൻപറമ്പ്, കലൂർ മണപ്പാട്ടിപ്പറമ്പ്, ചക്കരപ്പറമ്പ് ഹോളിഡേ ഇൻ ഹോട്ടൽ ജംഗ്ഷൻ എന്നിവിടങ്ങളിലും മരം വീണു.
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിന് സമീപം പുളിച്ചിറതെക്ക് ജംഗ്ഷനിലെ എസ്.ബി.ഐ ബാങ്കിന് മുന്നിലും ഒബ്റോൾ മാളിനടുത്ത ഒലീവ് ഫർണിച്ചർ ജംഗ്ഷൻ, ഇൻഫോപാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റിക്ക് സമീപവും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഇടക്കൊച്ചി സെന്റ് ലോറൻസ് പള്ളി, പള്ളുരുത്തി പഴവേലി തങ്ങൾ നഗർ, ഫോർട്ട് കൊച്ചി ഇ.എസ്.ഐ ആശുപത്രി പരിസരം എന്നിവിടങ്ങളിലും ഫയർഫോഴ്സ് എത്തിയാണ് കടപുഴകിയ മരങ്ങൾ നീക്കിയത്. തൃപ്പൂണിത്തുറ പൊതുശ്മശാനത്തിന് സമീപം ഇടറോഡിൽ മൂന്ന് നില കെട്ടിടത്തിലേക്ക് അപകടകരമായ രീതിയിൽ മരം ചരിഞ്ഞ് നിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും മുറിച്ചു മാറ്റാൻ സാധിച്ചില്ല. വിദഗ്ദ്ധ തൊഴിലാളികൾ ആവശ്യമാണെന്ന് ഫയർഫോഴ്സ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |