മഞ്ഞപ്പിത്തം പടരുന്നു
കൊല്ലം: വേനൽ കടുത്തതോടെ ജില്ലയിൽ ജലജന്യ രോഗങ്ങൾ വ്യാപിക്കുന്നു. വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയാണ് പടരുന്നത്. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്രിസ് എ) ആണ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 12 വരെ 62 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മലിനമായ വെള്ളത്തിന്റെ ഉപയോഗവും പച്ചവെള്ളം കുടിക്കുന്ന ശീലവും പുറമേ നിന്നുള്ള ഭക്ഷണങ്ങളും ശീതള പാനീയങ്ങളുടെ ഉപയോഗവും, ശുചിത്വക്കുറവുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളപ്പിച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ രോഗങ്ങൾ പിടിപെടാൻ കാരണമാകും. വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം.
വയറിളക്ക രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ ആരംഭിക്കണം. ഇതിനായി ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, മോര് എന്നിവ നൽകാം. അതിയായ വയറിളക്കം, ഛർദ്ദി, കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, അപസ്മാരം എന്നിവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുന്നതോടൊപ്പം അടിയന്തര വൈദ്യസഹായവും തേടണം.
ടൈഫോയ്ഡ്, മഞ്ഞപ്പിത്തം
ദിവസങ്ങളോളം നീളുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിന്റെ ലക്ഷണങ്ങൾ. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിലും കണ്ണിലും, ശരീരത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.
പ്രതിരോധിക്കാം
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഒരിക്കലും തിളച്ചവെള്ളത്തിൽ പച്ചവെള്ളം ചേർത്തു കുടിക്കരുത്
പുറത്തു പോകുമ്പോൾ കൈയിൽ കുടിവെള്ളം കരുതുക
ആഹാരസാധനങ്ങൾ പാകം ചെയ്ത് ചൂടോടെ കഴിക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്
ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം ഉപയോഗിക്കുക
കിണർ ജലം മലിനമാകാതെ സൂക്ഷിക്കുക. ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക
വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |