SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.12 AM IST

അഞ്ച് തലമുറകളുടെ സ്നേഹത്തണലിൽ മാധവി അമ്മ

Increase Font Size Decrease Font Size Print Page

നീലേശ്വരം: അഞ്ച് തലമുറകളുടെ കുടുംബനാഥയായ തട്ടാച്ചേരി "തണലി"ലെ തെക്കേ വീട്ടിൽ മാധവി നവതിയുടെ നിറവിൽ. വടയന്തൂർ കഴകം പാലോട്ടു കാവിലെ വിഷുക്കളിയാട്ടത്തിന്റെ സമാപന ദിവസം ഇവരുടെ വീട് അഞ്ച് തലമുറകളുടെ അപൂർവ സംഗമത്തിനും വേദിയായി. മാധവി, പേരോൽ പത്തിലക്കണ്ടത്തെ വസന്ത, പിലിക്കോട്ടെ രജിത, കണ്ണൂർ താഴെ ചൊവ്വയിലെ പേരോൽ രവീണ, മകൾ ഋതു വർണ എന്നിവരാണ് അഞ്ച് തലമുറയുടെ സ്നേഹ സംഗമത്തിനെത്തിയത്.

കുമ്പളയിൽ സ്വർണ്ണത്തൊഴിലാളിയായിരുന്ന പരേതനായ മീത്തലെ പുരയിൽ കുഞ്ഞിരാമനാണ് മാധവിയുടെ ഭർത്താവ്. ഒൻപത് മക്കളും പേരമക്കളും ചേർന്ന് 52 പേരുള്ള വിശാലമായ കുടുംബമാണ് മാധവി അമ്മയുടേത്.

സ്വർണപ്പണി കുലത്തൊഴിലാക്കിയ പരേതനായ അഴീക്കോടൻ കണ്ണന്റെയും കർഷകത്തൊഴിലാളി അറയിൽ വീട്ടിൽ കല്യാണിയുടെയും മകളാണ്. കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും വേനൽ വഴികൾ താണ്ടിയാണ് ഇവർ നവതിയുടെ നിറവിൽ എത്തിയത്.

സ്വർണം, വെള്ളി എന്നീ ലോഹങ്ങളിലെ ശില്പവിദ്യയിൽ അഗ്രഗണ്യനായിരുന്നു മാധവിയുടെ പിതാവ് അഴീക്കോടൻ കണ്ണൻ. 1940ൽ തട്ടാച്ചേരി പാലോട്ടുകാവിൽ കെട്ടിയാടുന്ന പാലോട്ടു ദൈവത്തിന്റെ വെള്ളിലോഹത്തിലുള്ള തിരുമുടിയുടെ ശില്പവേല ചെയ്തത് ഇദ്ദേഹം ആയിരുന്നു. തൊട്ടടുത്ത വർഷം പണിത പാലോട്ടുകാവ് ശ്രീകോവിലിലെ മഹാവിഷ്ണുവിന്റെ മത്സ്യാവതാര സങ്കൽപ്പത്തിലുള്ള പാലോട്ട് ദൈവത്തിന്റെ സ്വർണ്ണത്തിലുള്ള വിഗ്രഹശില്പവും ശ്രദ്ധേയമാണ്.

അഞ്ചാം ക്ലാസിൽ പഠിക്കവേ അച്ഛന്റെ വിയോഗത്തെ തുടർന്ന് മാധവിയുടെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചു. അക്ഷരങ്ങളുടെ ആരാധികയായ ഇവർ ഇന്നും മുടങ്ങാതെ പത്രവായന നടത്തുന്നുണ്ട്. ഗ്രാമത്തിലെ ഓരോ കുട്ടിയേയും പേരെടുത്ത് വിളിക്കാൻ ഇഷ്ടപ്പെടുന്ന മാധവിയമ്മ നാട്ടുകാർക്ക് എല്ലാം പ്രിയങ്കരിയായ മുത്തശ്ശിയാണ്.

(പടം മെയിലിൽ )

TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.