കൊല്ലം: ഓട്ടോറിക്ഷയിൽ മറന്നു വച്ച സ്വർണവും പണവും അടങ്ങിയ ബാഗ് ഉടമ തിരികെ ചോദിച്ചിട്ടും നൽകിയില്ലെന്ന പരാതിയിൽ ഓട്ടോ
ഉടമയ്ക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. കൊല്ലം പട്ടത്താനം സ്വദേശിക്കെതിരെയാണ് കേസ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:. കോട്ടയം സ്വദേശിയായ യുവതിയും കുട്ടികളും മൂന്ന് ദിവസം മുൻപ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ രാവിലെ 9.30ന് ട്രെയിനിറങ്ങി. പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് വിളിച്ച ഓട്ടോ റിക്ഷയിൽ ഇരവിപുരത്തുള്ള ഇവരുടെ ബന്ധു വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഇവർ മറ്റു ബാഗുകൾ എടുത്തെങ്കിലും സ്വർണവും പണവും അടങ്ങിയ ബാഗ് മറന്നു. ബാഗ് ഓട്ടോറിക്ഷയിൽ തന്നെയുണ്ടെന്ന വിശ്വാസത്തിൽ യുവതി പ്രീ പെയ്ഡ് രസീത് വഴി ഓട്ടോയുടെയും ഉടമയുടെയും നമ്പർ കണ്ടെത്തി. വിളിച്ചപ്പോൾ ഓട്ടോ റിക്ഷ താൻ വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് പറഞ്ഞ ഉടമ ഡ്രൈവറുടെ ഫോൺ നമ്പർ നൽകി. ഇത് പ്രകാരം യുവതി ഡ്രൈവറെ വിളിച്ചപ്പോൾ തനിക്ക് സുഖമില്ലാത്തതിനാൽ അപ്പോൾ തന്നെ ഓട്ടോ ഉടമയ്ക്ക് കൈമാറിയെന്നും ബാഗ് വണ്ടിയിൽ ഉണ്ടായിരുന്നെന്ന കാര്യം ഉടമയെ അറിയിച്ചെന്നും പറഞ്ഞു.
യുവതി വീണ്ടും ഉടമയെ വിളിച്ചപ്പോൾ ഫോൺ ഓഫാക്കി. തുടർന്ന് ഇവർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പൊലീസ് ഉടമയെ ഫോണിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും എത്തിയില്ല. ഇതോടെ കേസെടുത്ത ശേഷം ഓട്ടോ റിക്ഷ കസ്റ്റഡിയിലെടുത്തു.ഉടമ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |