മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ
കൊല്ലം: ഗതാഗത നിയമലംഘനത്തിനുള്ള പിഴയെന്ന വ്യാജേന ഓൺലൈൻ വഴി പണം തട്ടാനുള്ള ശ്രമം യുവാക്കൾ പൊളിച്ചടുക്കി.
തഴവ മണപ്പള്ളി സ്വദേശികളായ അഭിലാഷ്, ശിവൻ എന്നിവർക്കാണ് അമിത വേഗത്തിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന വ്യാജ ഇ ചെല്ലാൻ വാട്സ്ആപ്പിൽ ലഭിച്ചത്. നിയമലംഘത്തിന്റെ ചിത്രവും വീഡിയോയും കാണാനും പിഴ അടയ്ക്കാനുമായി ഡൗൺലോഡ് ചെയ്യാൻ ഒരു ആപ്പിന്റെ ലിങ്കും സന്ദേശത്തിലുണ്ടായിരുന്നു. ഈ ലിങ്ക് തുറക്കാൽ അക്കൗണ്ടിൽ നിന്ന് പണം ചോരുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
കഴിഞ്ഞ 16നാണ് അഭിലാഷിന്റെ വാട്സആപ്പിലേക്ക് വ്യാജ സന്ദേശമെത്തിയത്. സ്കൂട്ടർ വേഗപരിധി ലംഘിച്ചതിന് ആയിരം രൂപ പിഴ ചുമത്തിയെന്നായിരുന്നു സന്ദേശം. അഭിലാഷ് ഉടൻ തന്നെ യഥാർത്ഥ പരിവാഹൻ പോർട്ടലിൽ കയറി നോക്കിയപ്പോൾ ചെല്ലാൻ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതോടെ അഭിലാഷ് സന്ദേശമെത്തിയ നമ്പരിൽ വിളിച്ചെങ്കിലും എടുത്തില്ല. താങ്കൾ വിളിക്കുന്ന നമ്പർ പ്രതികരിക്കുന്നില്ലെന്ന് തമിഴിലാണ് പറഞ്ഞത്. ഒരു സ്ത്രീയുടെയും കുട്ടിയുടെയും ചിത്രമായിരുന്നു സന്ദേശമെത്തിയ വാട്സ്ആപ്പ് നമ്പരിന്റെ ഡിസ്പ്‌ളേ പടം.
തിങ്കളാഴ്ചയാണ് ശിവന് മറ്റൊരു നമ്പരിൽ നിന്ന് വ്യാജ സന്ദേശമെത്തിയത്. ശിവന്റെ ഉടമസ്ഥതയിലുള്ള കാർ വേഗപരിധി ലംഘിച്ചതിന് ആയിരം രൂപ പിഴ ചുമത്തിക്കൊണ്ടുള്ള വ്യാജ ചെലാനായിരുന്നു സന്ദേശത്തിൽ. അഭിലാഷിന് ലഭിച്ച സന്ദേശത്തിലേത് പോലെ പിഴ അടയ്ക്കാനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും സന്ദേശത്തിൽ ഉണ്ടായിരുന്നു. ട്രാഫിക് എൻഫോഴ്സ്മെന്റ് വകുപ്പിന്റെ പേരിലാണ് രണ്ട് വ്യാജ സന്ദേശങ്ങളും ലഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് ഓൺലൈൻ തട്ടിപ്പിനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഇ ചെലാൻ എം പരിവാഹൻ പോർട്ടലിൽ കയറി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം തുടർ നടപടി സ്വീകരിക്കുക
ആർ. ശരത്ചന്ദ്രൻ (ജോയിന്റ് ആർ.ടി.ഒ, കൊല്ലം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |