കൊല്ലം: ടി.കെ.എം കോളേജ് ട്രസ്റ്റിന്റെ പ്രസിഡന്റും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ഷഹാൽ ഹസൻ മുസ്‌ലിയാർക്ക് ഇന്ന് തൊണ്ണൂറ്റിനാലാം ജന്മദിനം.
ഇന്ത്യയിലെ കശുഅണ്ടി കയറ്റുമതി വ്യവസായത്തിന്റെ പിതാവും ടി.കെ.എം കോളേജ് ട്രസ്റ്റിന്റെ സ്ഥാപകനുമായിരുന്ന തങ്ങൾ കുഞ്ഞ് മുസലിയാരുടെ മൂത്ത പുത്രനായ ഷഹാൽ മുസലിയാർ, പിതാവിന്റെ മഹത്തായ പാരമ്പര്യത്തെ ആദരപൂർവം പിൻപറ്റുന്നു. ഏഴു പതിറ്റാണ്ടുകളായി, ആ പാരമ്പര്യത്തെ വിദ്യാഭ്യാസ–സാമൂഹിക ശാക്തീകരണത്തിനുള്ള സജീവമായ ഒരു പ്രസ്ഥാനമായി അദ്ദേഹം രൂപാന്തരപ്പെടുത്തുകയായിരുന്നു.
കോയിക്കൽ ഗവ. സ്കൂൾ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയശേഷം അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടി. ആഗോള വ്യവസായ വിദ്യാഭ്യാസ സംവിധാനങ്ങളുമായി ഉണ്ടായ ഈ പ്രാരംഭ പരിചയം, സാങ്കേതിക പുരോഗതിയും സാമൂഹിക ക്ഷേമവും കൈകോർത്ത് നടത്തണമെന്ന ജീവിതദൗത്യത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശേഷം, മുസലിയാർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിനെ ലോകത്തെ ഏറ്റവും വലിയ കശുഅണ്ടി കയറ്റുമതി സ്ഥാപനമായി മാറ്റി. 26 ഫാക്ടറികളിലായി ഏകദേശം 30,000 ത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പത്ത് തവണ ഇന്ത്യൻ കശുഅണ്ടി കയറ്റുമതി പ്രമോഷൻ കൗൺസിലിന്റെ ചെയർമാനായും അറുപത് വർഷത്തിലധികം അതിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലും തുടർച്ചയായ സേവനം അനുഷ്ഠിച്ചു. ഓൾ ഇന്ത്യ ഷിപ്പേഴ്സ് കൗൺസിൽ, ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ്, എ.പി.ഡി.എ. എന്നിവയിൽ അദ്ദേഹം വഹിച്ച പ്രധാനപ്പെട്ട സ്ഥാനങ്ങൾ, ഒരു വ്യവസായ പ്രമുഖനായി ദേശീയ ശ്രദ്ധയിലെത്തിച്ചു.
ജനാബ് മുസലിയാരുടെ പൈതൃക സംഭാവന വിദ്യാഭ്യാസ രംഗത്താണ്. 1956ൽ, തന്റെ പിതാവിനോടൊപ്പം, കേരളത്തിലെ ആദ്യത്തെ സ്വകാര്യ എൻജിനീയറിംഗ് കോളേജായ ടി കെ.എം എൻജിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഡോ. ഹുമയുൻ കബീർ ഉദ്ഘാടനം ചെയ്തതും ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ശീലസ്ഥാപനം ചെയ്തതുമായ ഈ സ്ഥാപനം ഇതുവരെ 40,000-ത്തിലധികം എൻജിനിയർമാരെ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥും ഉൾപ്പെടുന്നു.
ഉയർച്ചയുടെ പടവുകൾ
പിതാവിന്റെ മരണ ശേഷം 1966 മുതൽ ടി.കെ.എം കോളേജ് ട്രസ്റ്റിന്റെ പ്രസിഡന്റായി നിയമിതനായ ഷഹൽ ഹസൻ മുസ്‌ലിയാറുടെ നേതൃത്ത്വത്തിൽ, എൻജിനീയറിംഗ്, ആർട്സ്, മാനേജ്മെന്റ്, ആർക്കിടെക്ചർ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ രംഗങ്ങളിൽ കോളേജുകളും, ഒപ്പം രണ്ട് സ്‌കൂളുകളും ആരംഭിച്ചു. ഇന്ന് 16,000ത്തിലധികം വിദ്യാർത്ഥികളും ഏകദേശം 2,000 ജീവനക്കാരും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, അണ്ണാ യൂണിവേഴ്സിറ്റി തുടങ്ങിയ വിവിധ സർവകലാശാലകളിലെ സെനറ്റ്, സിൻഡിക്കറ്റ്, ഭരണസമിതി തുടങ്ങിയവയിൽ ദീർഘകാല സംഭാവനകൾ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ വിശിഷ്ട സേവനത്തിന് സംസ്ഥാന സർക്കാർ 2025 ൽ കേരളശ്രീ പുരസ്കാരം നൽകി ഷഹാൽ ഹസ്സൻ മുസലിയാരെ ആദരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |